Sunday, October 23, 2011

ഞാന്‍ വരും

ഞാന്‍ വരും


മിഗ്വല്‍ ഒട്ടേറൊ സില്‍വ

അവളുടെ നഗ്നപാദം
കടത്തുവള്ളത്തില്‍ വെള്ളം തെറുപ്പിക്കുന്നത് ഞാന്‍ കേട്ടു
വിശക്കുന്ന സന്ധ്യ
ഞങ്ങളുടെ മുഖങ്ങളില്‍ അറിയാം.
എന്റെ ഹൃദയം അവള്‍ക്കും
തെരുവിനും പാതയ്ക്കുമിടയില്‍
ആടിക്കളിക്കുന്നു.
അറിയില്ല,
അവളുടെ കണ്ണുകളില്‍നിന്ന് സ്വതന്ത്രയാകാന്‍
അവളുടെ കൈകളില്‍നിന്ന് വഴുതിമാറാന്‍
എനിക്കവിടെ നിന്ന് കരുത്തുകിട്ടുമെന്ന്.
മഴയിലൂടെ, ചില്ലിലൂടെയുള്ള കരച്ചില്‍,
ദു:ഖങ്ങളും കണ്ണീരും തമോവൃതങ്ങളായി.
കരയാനാവാതെ അവള്‍ നിന്നു.
കാത്തുനില്‍ക്കൂ,
ഞാന്‍ വരും
നിന്നോടൊപ്പം ഒന്നുചേര്‍ന്നുനടക്കാന്‍.


മിഗ്വല്‍ ഒട്ടേറെ സില്‍വ (1908-1985).
വെനസ്വേലക്കാരനായ കവി, നോവിലിസ്റ്റ്, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍. അദ്ദേഹത്തിന്റെ സാഹിത്യ/പത്രപ്രവര്‍ത്തന രചനകള്‍ വെനസ്വേലയുടെ സാമൂഹ്യരാഷ്ട്രീയ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.


കുറിപ്പ്: ചെഗുവേര രചിച്ച 'മോട്ടോര്‍സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള താണ് ഈ കവിത. കവിത പൂര്‍ണമാണോയെന്നോ, തലക്കെട്ടെന്താണെന്നോ വ്യക്തമല്ല.

അരങ്ങ്



വഹ്‌റു സൊനാവനെ


ഞങ്ങളുടെ പേരില്‍ കെട്ടിപ്പൊക്കിയ
അരങ്ങിലേക്ക്
ഞങ്ങള്‍ ഒരിക്കലും പോയില്ല.
ഞങ്ങളെയാരും വിളിച്ചില്ല.
ഞങ്ങള്‍ക്ക് അവര്‍ ഇടം ചൂണ്ടികാണിച്ച് തന്നു
ഞങ്ങള്‍ അവിടെ ഇരുന്നു.
അവര്‍ ഞങ്ങളുടെ ഗുണങ്ങള്‍ വാഴ്ത്തി.
അവര്‍ അരങ്ങിലിരുന്ന്
ഞങ്ങളുടെ ദു:ഖങ്ങളും ദുരിതങ്ങളും പറയുന്നതു തുടര്‍ന്നു.
ഞങ്ങളുടെ ദുരിതങ്ങള്‍ ഞങ്ങളുടേത് മാത്രമായിരുന്നു
അതൊരിക്കലും അവരുടേതായില്ല.
ഞങ്ങള്‍ക്ക് ചില സംശയങ്ങളുണ്ടായിരുന്നു
ഞങ്ങള്‍ മന്ത്രിച്ചു.
അവര്‍ ശ്രദ്ധയോടെ കേട്ട് ദീര്‍ഘശ്വാസമുതിര്‍ത്തു
പിന്നെ ഞങ്ങളുടെ ചെവിപിരിച്ചിട്ട് പറഞ്ഞു
ക്ഷമചോദിക്കുക.. അല്ലെങ്കില്‍.. നിങ്ങള്‍....


വഹ്‌റു സൊനാവനെ
കവിയും ആക്റ്റിവിസ്റ്റുമാണ് വഹ്‌റു സൊനാവനെ. ശ്രമിക് സംഘടനയുടെ നേതാവായിരുന്നു. മഹാരാഷ്ട്രയിലെ ആദിവാസി സമൂഹത്തില്‍ നിന്നുയര്‍ന്നുവന്ന, അവരുടെ ശക്തനായ വക്താവാണ് വഹ്‌റു സൊനാവനെ. ഓള്‍ ഇന്ത്യാ ട്രൈബല്‍ ലിറ്ററി ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയാണ് അറുപതുകാരനായ സൊനാവനെ.


(കുറിപ്പ്: 2008 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍, ഡോ. ഗെയില്‍ ഓംവെദിന്റെ അഭിമുഖത്തിനൊപ്പം പ്രസിദ്ധീകരിച്ചതാണ് ഈ മൊഴിമാറ്റം. )
photo courtesy: Tehelka