Tuesday, February 24, 2015

ഫലസ്തീന്‍ കവിതകള്‍ഫലസ്തീന്‍ കവിതകള്‍


“എന്‍്റെ രാജ്യത്തിലേക്കുളള ചുവടുകള്‍’

മൗറിദ് ബര്‍ഗൗതി


1
വ്യാഖ്യാനങ്ങള്‍


കാപ്പിക്കടയിലിരുന്ന് കവി
എഴുതുകയായിരുന്നു.
പ്രായംചെന്ന സ്ത്രീ
കരുതി അയാള്‍
അമ്മക്ക് കത്തെഴുതുകയാവും.
ഒരു യുവതി കരുതി
അയാള്‍ തന്‍െറ കാമുകിക്ക് എഴുതുകയാവും.
ഒരു കുട്ടി കരുതി
അയാള്‍ പടംവരക്കുകയാവും.
ഒരു ബിസിനസ്കാരന്‍ കരുതി
അയാള്‍ ഇടപാടുകള്‍ നടത്തുകയാവും.
ഒരു വിനോദസഞ്ചാരി കരുതി
അയാള്‍ പോസ്റ്റ്കാര്‍ഡ് എഴുതുകയാവും.
ഒരു ഉദ്യോഗസ്ഥന്‍ കരുതി
അയാള്‍ തന്‍െറ കണക്കുകള്‍ കൂട്ടുകയാവും.
രഹസ്യപ്പൊലീസുകാരന്‍
സാവധാനം, അയാള്‍ക്ക് നേരെ നടന്നുചെന്നു.


2

തടവറഒരാള്‍ മൊഴിഞ്ഞു:
കൂട്ടിലടയ്ക്കപ്പെട്ട കിളികളാണ് അനുഗ്രഹിക്കപ്പെട്ടവര്‍
അവര്‍ക്ക്, കുറഞ്ഞപക്ഷം
തങ്ങളുടെ തടവറയുടെ
പരിധിയെങ്കിലും അറിയാം.

3

മൂന്നാംലോകം


കാന്തം ഇരുമ്പുകണങ്ങളോട് പറഞ്ഞു:

നിങ്ങള്‍ പൂര്‍ണമായും
സ്വതന്ത്രരാണ്;
നിങ്ങള്‍ ആഗ്രഹിക്കുന്ന ഏതു ദിശയിലേക്കും
പോകാവുന്ന വിധത്തില്‍.


4
ആയുധം


നിലാവ് പറഞ്ഞു:
ഞാനാണ് വീടില്ലാത്ത ഒന്നാമന്‍
അനശ്വരനായ നാടോടി.
നിങ്ങളെന്നെ കാണുന്നു; അലതാങ്ങികളില്‍,
പടയാളിയുടെ ചട്ടിത്തൊപ്പിയില്‍,
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ കപടപല്ലുകളില്‍,
പഞ്ഞികടയല്‍യന്ത്രത്തിന്‍്റെ യാചനയില്‍,
നദിയുടെ പിടിവാശികളില്‍,
സ്ത്രീയുടെ സന്തോഷംകൊണ്ടുയരുന്ന
പിരികങ്ങളില്‍,
ആരച്ചാരുടെ കൈനഖങ്ങളില്‍,
മോഷ്ടാവിന്‍്റെ താക്കോല്‍ വളയത്തില്‍,
പാര്‍ലമെന്‍്റിന്‍്റെ മര്‍ദ്ദകതാഴികക്കുടങ്ങില്‍,
ഒളിച്ചോടിയ പടയാളിയുടെ മെഡലുകളില്‍,
ബോംബര്‍ വിമാനത്തിന്‍്റെ ചരിഞ്ഞ പ്രതലത്തില്‍,
മാര്‍ബിള്‍ പടികളില്‍,
മേല്‍ക്കുപ്പായത്തില്‍ നിന്നെടുത്ത്
നിന്‍്റെ നട്ടെല്ലിലേക്ക് സുഹൃത്ത്
നീട്ടുന്ന
കത്തിയുടെ വാള്‍ത്തലയില്‍.

എന്‍്റെ തീവ്രവേദനാനിമിഷങ്ങളില്‍
ഞാന്‍ മേഘങ്ങളോട് യാചിക്കും:
“”എന്നെ ഒളിപ്പിക്കുക’’.

5
ആശ്ളേഷണം


മുത്തശ്ശിയെപ്പറ്റി കുട്ടി പറഞ്ഞു:
അവസാന ദിനത്തില്‍
മരണം അവരുടെ കൈകളില്‍ ഇരുന്നിരുന്നു
മുത്തശ്ശി അവനിലേക്ക് ചാഞ്ഞുപടര്‍ന്നു
അവനോട് ഒരു കഥപറഞ്ഞു
അവര്‍ ഒരുമിച്ച് ഉറകത്തിലേക്ക് വഴുതി.

6
ഒഴികെ


അവയെല്ലാം വന്നു
നദിയും തീവണ്ടിയും
ശബ്ദവും കപ്പലും
വെളിച്ചവും എഴുത്തുകളും എല്ലാം.
ആശ്വാസ ടെലഗ്രാമുകള്‍,
വിരുന്നിനുളള ക്ഷണങ്ങള്‍,
നയതന്ത്രക്കുടവയറുകള്‍,
ശൂന്യാകാശ പേടകങ്ങള്‍,
എല്ലാം വന്നു.
എല്ലാം.
പക്ഷേ, എന്‍്റെ രാജ്യത്തേക്കുളള
എന്‍്റെ ചുവടുകള്‍ ഒഴികെ.


7
ഒൗത്സുക്യം


പൂമുഖം മൊഴിഞ്ഞു:
നടുത്തളത്തിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍

നടുത്തളം മൊഴിഞ്ഞു:
എനിക്ക് പുറത്ത് മട്ടുപ്പാവിലേക്ക്
പോവാനാകുമായിരുന്നെങ്കില്‍

മട്ടുപ്പാവ് മൊഴിഞ്ഞു:
എനിക്ക് പറക്കാനാവുമായിരുന്നെങ്കില്‍.


8
സാധാരണയാത്ര


ഞാനൊരു ‘യാനകതയും കണ്ടില്ല
ഞാന്‍ ആ നാട്ടില്‍ ഒരു വ്യാളിയെയും കണ്ടില്ല
ഞാന്‍ കടലിലൊരു സൈക്ളോപ്സിനെയും കണ്ടില്ല
എന്‍്റെ ദിനങ്ങളുടെ പടിവാതിലില്‍.
ഒരു ദുര്‍മന്ത്രവാദിനിയേയോ
പൊലീസുകാരനെയോ കണ്ടില്ല


കടല്‍ക്കൊളളക്കാര്‍ എന്‍്റെ മോഹങ്ങളെ പിടികൂടിയില്ല
കൊളളക്കാര്‍ എന്‍്റെ ജീവിതത്തിന്‍്റെ കതകുകള്‍ തകര്‍ത്തിട്ടില്ല
എന്‍്റെ അ‘ാവം നീണ്ടതുമായിരുന്നില്ല
അതെന്നില്‍ നിന്നെടുത്തു, ഒരു മനുഷ്യജന്മം മാത്രം.

എന്‍്റെ മുഖത്തെ വടുക്കള്‍
കണ്ണിലെ ദു:ഖങ്ങള്‍,
മനസിലെയും അസ്ഥിയിലെയും മുറിവുകള്‍
നീയെങ്ങനെയാണ് കണ്ടത്?

അതെല്ലാം മിഥ്യയാണ്.
ഞാനൊരു ‘യാനകതയും കണ്ടില്ല.
എല്ലാം അങ്ങേയറ്റം സാധാരണം.
ആകുലപ്പെടേണ്ട.
നിന്‍്റെ മകന്‍ ശവക്കുഴിയിലുണ്ട്, കൊല്ലപ്പെട്ട്;
അവന് അവിടെ സുഖംതന്നെ.

9
ഇതും നല്ലതാണ്


ഇങ്ങനെ മരിക്കുന്നതും നല്ലതാണ്,
നമ്മുടെ കിടക്കയില്‍ മരിക്കുന്നത്,
വൃത്തിയുളള തലയണയില്‍
സുഹൃത്തുക്കള്‍ക്കിടയില്‍.

ഇങ്ങനെ മരിക്കുന്നതും നല്ലതാണ്,
നമ്മുടെ കൈകള്‍
നെഞ്ചില്‍ ചേര്‍ത്ത്
ശൂന്യമായി, മ്ളാനമായി.
മുറിവുകളില്ലാതെ, ചങ്ങലകളില്ലാതെ,
കൊടിതോരണങ്ങളില്ലാതെ, പരാതികളൊന്നുമില്ലാതെ

ഇതും നല്ലതാണ്,
പൊടികളില്ലാത്ത മരണം.
കുപ്പായത്തില്‍ തുളകളില്ലാതെ
വാരിയെല്ലില്‍ ശേഷിപ്പുകളൊന്നുമില്ലാതെ.

ഇങ്ങനെ മരിക്കുന്നതും നല്ലതാണ്,
നമ്മുടെ കവിള്‍ത്തടങ്ങള്‍ക്കു കീഴെ
നിരത്തല്ലാതെ, ഒരു വെളളതലയണ.
നമ്മുടെ കരങ്ങള്‍ പ്രിയപ്പെട്ടവരുടെ കരങ്ങളില്‍ അമര്‍ന്ന്,
നിരാശരായ ഡോക്ടര്‍മാരാലും നഴ്സ്മാരാലും
ചുറ്റപ്പെട്ട്
ഒന്നും ശേഷിപ്പിക്കാതെ, ഒരു സുന്ദരമായ വിടവാങ്ങല്‍,
ചരിത്രത്തില്‍ ശ്രദ്ധകൊടുക്കാതെ,
ലോകത്തെ അതുപോലെ തന്നെ വിട്ട്
എന്നെങ്കിലുമൊരിക്കല്‍,
മറ്റാരെങ്കിലും അതു മാറ്റിത്തീര്‍ക്കുമെന്ന
പ്രതീക്ഷയോടെ.

10

മുങ്ങിയകപ്പല്‍


കപ്പല്‍ഛേദം പറഞ്ഞു:

ഇവിടെ അഗാധതയില്‍ സാഹസികര്‍ നിധി തിരയുന്നു
പൊലീസുകാര്‍ മരിച്ചവരുടെ ശരീരങ്ങള്‍ തേടുന്നു
ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒഴിവുകഴിവിനായി.
കാരണങ്ങള്‍ തേടുന്നു
പക്ഷേ, ഞാന്‍
നാവികരുടെയും യാത്രികരുടെയും വീര്‍പ്പുമുട്ടലുകള്‍,
അവരുടെ മരണവെപ്രാളങ്ങള്‍
തിരയുന്ന ഒരാളെയും കണ്ടില്ല-
കറുത്തവസ്ത്രങ്ങള്‍ തുന്നാന്‍
രാത്രി വൈകിയും ഉണര്‍ന്നിരിക്കുന്ന
തിരക്കുളള തുന്നല്‍ക്കാരിയെപ്പോലെ
കൊടുങ്കാറ്റ് വീശി.
വിധവയുടെ
കിടക്കയില്‍ ഒഴിഞ്ഞപാതിയില്‍
മഞ്ഞിന്‍കൂമ്പാരം നിറഞ്ഞു.


11
നിശബ്ദത


നിശബ്ദത മൊഴിഞ്ഞു:
സത്യത്തിന് വചോടോപങ്ങള്‍ ആവശ്യമില്ല.
കുതിരക്കാരന്‍്റെ മരണശേഷം
സ്വരാജ്യത്തേക്ക് മടങ്ങുന്ന കുതിര
എല്ലാം പറഞ്ഞു.
ഒന്നും പറയാതെ.


മൊഴിമാറ്റം: ആര്‍.കെ.ബിജുരാജ്
മൗറിദ് ബര്‍ഗൗതി

ലോകപ്രശസ്ത ഫലസ്തീന്‍ കവി. 1944 ല്‍ റാമളളയ്ക്കു സമീപം ദൈര്‍ ഖസ്സാനയില്‍ ജനിച്ചു. “അര്‍ദ്ധരാത്രി’ (മിഡ്നൈറ്റ്) ഉള്‍പ്പടെ പന്ത്രണ്ട് കവിതാസമാഹാരങ്ങള്‍. ലോകമെങ്ങും വിവിധഭാഷകളിലേക്ക് കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കെയ്റോയില്‍ താമസം.