Showing posts with label Translation. Show all posts
Showing posts with label Translation. Show all posts

Sunday, July 25, 2010

ചിത്രശലഭം



ചിനുവ അച്ചെബെ

വേഗത അക്രമമാണ്
ശക്തി അക്രമമാണ്
ഭാരം അക്രമമാണ്

ചിത്രശലഭം ഉല്ലാസത്തില്‍
സുരക്ഷ തേടി
ഭാരമേതുമില്ലാതെ
നിഷ്‌കളങ്കമായി
പാറുന്നു

പക്ഷെ നാല്‍ക്കവലയില്‍,
മരങ്ങളില്‍ നിന്ന്
വര്‍ണ വെളിച്ചം
പുതിയ വലിയ കല്‍പാതകളില്‍
വീഴുന്നിടത്ത് നമ്മുടെ
ഭിന്ന ദേശങ്ങള്‍ സന്ധിക്കുന്നു

രണ്ടുവിളക്കിന്റെ
വിദ്യുത് കരുത്തുമായാണ്
ഞാന്‍ വന്നത്
സൗമ്യചിത്രശലഭം സ്വയം,
തിളങ്ങുന്ന മഞ്ഞ ബലി
എന്റെ കട്ടിയുളള സിലിക്കണ്‍
കവചത്തില്‍ അര്‍പ്പിക്കുന്നു

കനേഡിയന്‍ അതിര്‍ത്തിയില്‍ എന്റെ സഹോദരന്‍



ഇറാനിയന്‍ കവിത


ഷോലെ വോള്‍പി


ചുവന്ന മസ്ദയില്‍, കാനഡയിലേക്കുളള യാത്രയിലാണ് എന്റെ സഹോദരനും അവന്റെ കൂട്ടുകാരനും; ഡോക്ടറേറ്റ്ബിരുദങ്ങളുണ്ടെങ്കിലും തെല്ലും ബോധമില്ലാത്തവര്‍.
അതിര്‍ത്തിയില്‍ കാര്‍ തടയപ്പെട്ടു. മുന്നിലേക്ക് കുനിഞ്ഞ് പാറാവുകാരന്‍ ചോദിച്ചു: 'നിങ്ങളെങ്ങോട്ടാണ് കുട്ടികളേ'? കണ്ണിന് തൊട്ടുമുമ്പിലുള്ള 'കാനഡിലേക്ക് സ്വാഗതം' എന്ന ചുവര്‍വാക്യം കാണാതെ സഹോദരന്‍ പറഞ്ഞു: 'മെക്‌സിക്കോ'. പാറാവുകാരന്‍ കണ്ണുമിഴിച്ചു; പിന്നോട്ട് ചുവടുവച്ചു; പിന്നെ മുന്നോട്ട് വന്ന് ചോദിച്ചു: 'സാര്‍, ഇത് കനേഡിയന്‍ അതിര്‍ത്തിയാണ്'. എന്റെ സഹോദരന്‍ കൂട്ടുകാരനു നേരെ തിരിഞ്ഞ് അവന്റെ കൈയിലെ ഭൂപടം തട്ടിപ്പറിച്ചു. അവന്റെ ക്ഷൗരം ചെയ്ത തലയില്‍ കൊട്ടിപ്പറഞ്ഞു: 'പമ്പര വിഡ്ഢി, നീ തലകുത്തനെയാണ് ഭൂപടം പിടിച്ചത്'.
ചോദ്യംചെയ്യല്‍ മുറിയില്‍ നിറയെ ഇരുമ്പുമേശകള്‍, ചക്രക്കസേരകളുടെ കലമ്പല്‍, തിളങ്ങി പ്രകാശിച്ച ബള്‍ബുകളുടെ മൂളക്കം, ചോദ്യങ്ങളുടെ ബോംബ് വര്‍ഷങ്ങള്‍, അവസാനം: 'നിന്റെ വര്‍ണ്ണം'?
പതറിപ്പോയ സഹോദരന്‍ തുറന്നു പറഞ്ഞു: 'സത്യത്തില്‍ എനിക്ക് അറിയില്ല, എന്റെ അച്ഛനുമമ്മയും ഒരിക്കലും അത്പറഞ്ഞിട്ടില്ല'. മേശക്കു പിന്നില്‍ നിന്ന സ്ത്രീയുടെ നീല കണ്ണുകള്‍ വിടര്‍ന്നു; എന്റെ സഹോദരന്റെ ഒലിവുനിറമാര്‍ന്ന തൊലിയും തവിട്ടു കണ്ണുകളും, പിംഗല മൃദുരോമങ്ങളും കാണാനായി. പ്ലാസ്റ്റിക് മറയ്ക്കു പിന്നിലേക്ക് മറഞ്ഞ് അവള്‍ യുദ്ധവും സമാധാനത്തിനുമത്രയും തടിച്ച പൊടിപിടിച്ച പുസ്തകവുമായി മടങ്ങിയെത്തി. 'ഇതു
നിന്റെ വര്‍ണ്ണമെന്തെന്ന് പറയും. എവിടെയാണ് നിന്റെ അച്ഛന്‍ ജനിച്ചത്?' അവള്‍ തന്റെ വട്ട കണ്ണടയില്‍ കൈവച്ച് ആരാഞ്ഞു. പേര്‍ഷ്യയെന്ന് അവന്റെ മറുപടി. 'നീ ഉദ്ദേശിക്കുന്നത് I-ran എന്നല്ലേ?'
'I-ran, you ran, we all ranല്‍ '
, അവന്‍ പുഞ്ചിരിച്ചു. 'നിന്റെ അമ്മ എവിടുത്തുകാരി?'; തോക്കുപോലെ തണുത്ത ചോദ്യം. 'റഷ്യ', അവന്‍ ഉത്തരം മൊഴിഞ്ഞു. അവള്‍ പുസ്തകത്തിലെ ഒരു രേഖാചിത്രത്തിലെ വാക്കില്‍ തൊട്ടു. അടുത്ത വിരല്‍ ആ താളിലെ ചുവിട്ടില്‍ മറ്റൊരു വാക്കിലും. കണക്കുകാരന്‍ പൂജ്യത്തെ ഒന്നുകൊണ്ട് ഹരിക്കുന്ന കുഴപ്പപ്രശനം പരിഹരിക്കുന്നതുപോലെ അവയെ ഒരുമിച്ചു ചേര്‍ത്തു. അവളുടെ വിരലുകള്‍ ഒരു വാക്കില്‍ നിലച്ചു. പ്രഖ്യാപനം: 'നീ വെളുത്തനിറക്കാരന്‍'.
സഹോദരന്‍ സംഭ്രമിച്ച് പിന്നിലോട്ട് മാറി. ഒരു കൈ നെഞ്ചില്‍ ചേര്‍ത്തു, കണ്ണുകള്‍ വിടര്‍ന്നു, വായ വട്ടത്തില്‍ വളച്ചു. 'ഓ ദൈവേ! ഇത്രയും കാലം ഞാനതറിഞ്ഞില്ലല്ലോ'. പിന്നെ മുറിചുറ്റും നോക്കി അവളോടും പാറാവുകാരോടും പറഞ്ഞു: 'ഞാന്‍ വെളുത്തവനാണ്. എനിക്കെവിടെയും പോകാം, എന്തും ചെയ്യാം. മെക്‌സിക്കോയെന്നു നടിച്ച് കാനഡിയിലേക്കും പോകാം. അവസാനം ഞാനൊരു വെളളക്കാരനായിരിക്കുന്നു, എന്നെ ഇവിടെ പിടിച്ചു നിര്‍ത്താന്‍ നിങ്ങള്‍ക്കിനി ഒരു ന്യായവുമില്ല'.

Saturday, July 24, 2010

ഒരു ദളിത് കവിത

ഒരു ദിവസം ഞാന്‍ ആ അമ്മഭോഗി ദൈവത്തെ ശപിച്ചു

കേശവ് മെഷ്‌റം


ഒരു ദിവസം ഞാന്‍ ആ അമ്മഭോഗി ദൈവത്തെ ശപിച്ചു.
അവന്‍ നാണമില്ലാതെ ചിരിച്ചു.
എന്റെ അയല്‍ക്കാരന്‍,
പണ്ഡിത ബ്രാഹ്മണന്‍ ഞെട്ടി.
അയാള്‍ ആവണക്കെണ്ണമയമുള്ള മുഖവുമായി
എന്നെ നോക്കി പറഞ്ഞു:
''നിനക്ക് എങ്ങനെയാണ്
അവര്‍ണനീയമായ, വൈശിഷ്ട്യമായ,
രൂപമില്ലാത്ത ഒരു സംഹാരശക്തിയെപ്പറ്റി
ഇത്തരം കാര്യങ്ങള്‍ വിളമ്പാനാവുന്നത്?
ദൈവത്തിന്റെ ധാര്‍മികരീതികളെ
വാക്കിന്റെ കുരുക്കില്‍ അകപ്പെടുത്താനുള്ള
നിന്റെ ശ്രമം നാണംകെട്ടതാണ്്'
ഞാന്‍ ഒരു നല്ല ചൂടന്‍ ശാപം വീണ്ടും ഉതിര്‍ത്തു.
സര്‍വകലാശാല കെട്ടിടം കുലുങ്ങി,
അത് അരയോളം വെള്ളത്തില്‍ മുങ്ങി.
പെട്ടെന്ന്, ജനങ്ങള്‍ രോഷാകുലരാകുന്നതിന്
ഗവേഷകര്‍ കാരണങ്ങള്‍ തിരഞ്ഞു
അവര്‍ കുന്തിരിക്കസുഗന്ധം നിറഞ്ഞ
വലിയ മുറികളില്‍ ഇരുന്ന്
സംവാദത്തിലേര്‍പ്പെട്ടു.
എന്റെ ജന്മദിനത്തില്‍, ഞാന്‍ ദൈവത്തെ ശപിച്ചു.
ഞാനവനെ വീണ്ടും വീണ്ടും ശപിച്ചു.
വാക്കുകളുടെ ചാട്ടകൊണ്ട് പ്രഹരിച്ച് ഞാന്‍ വിളിച്ചു:
'തന്തയില്ലാത്തവന്‍!'
'ഒരു കക്ഷണം അപ്പത്തിനുവേണ്ടി
നീ ഒരു വണ്ടി നിറയെ വിറക്മുറിക്കാറുണ്ടോ?
നീ നിന്റെ എല്ലിന്‍തോലായ ശരീരത്തിലെ
വിയര്‍പ്പ് അമ്മയുടെ പിഞ്ചിയ സാരികൊണ്ട് തുടയ്ക്കാറുണ്ടോ?
അച്ഛന്റെ ഹുക്ക നിറയ്ക്കാനായി
സഹോദരന്‍മാരെയും സഹോദരന്‍മാരെയും
പണിയെടുപ്പിച്ച് വലയ്ക്കാറുണ്ടോ?
അച്ഛന്റെ മുഴുക്കുടിക്കായി
നീ കൂട്ടികൊടുപ്പുകാരനായി പണിയെടുക്കാറുണ്ടോ?
ഓ തന്തേ, ദൈവമായ തന്തേ
നിനക്കൊരിക്കലും ഇത്തരം കാര്യം ചെയ്യാനാവില്ല.
അതിന് നിനക്കാദ്യം ഒരു അമ്മ വേണം-
ആരും ആദരിക്കാത്ത ഒരമ്മ,
അഴക്കില്‍ പണിയെടുക്കുന്ന
എല്ലാവര്‍ക്കും സ്‌നേഹം പകരുന്ന,
ആരുടെയും സ്‌നേഹം ലഭിക്കാത്ത ഒരമ്മ.

ഞാനൊരുദിവസം അമ്മഭോഗി ദൈവത്തെ ശപിച്ചു.


കേശവ് തനാജി മെഷ്‌റം
(1937-2007).

ദളിത് കവി, ആക്റ്റിവിസ്റ്റ്, നോവിലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു കേശവ് മെഷ്‌റം. ഒരു പാവപ്പെട്ട ദളിത് കുടുംബത്തില്‍ ജനിച്ച കേശവ് വളരെ ചെറുപ്രായത്തില്‍ റെയില്‍വേയില്‍ ചുമട്ടുകാരനായി പണിയെടുത്തു. കെട്ടിടനിര്‍മാണത്തൊഴിലാളിയായും എണ്ണമില്‍ തൊഴിലാളിയായും കഷ്ടപ്പെട്ട് കൊണ്ട് പഠിത്തം പൂര്‍ത്തിയാക്കി. പിന്നീട് പശ്ചിമ റെയില്‍വേയില്‍ ക്ലര്‍ക്കായി. വൈകാതെ മുംബൈയിലെ മഹര്‍ഷി ദയാനന്ദ് കോളജില്‍ ലക്ചററായി.
'ഉത്ഖനന്‍' എന്ന കവിതാ സമാഹാരം കവിയെന്ന നിലയിലും ദളിത് എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനാക്കി. 'ഹക്കീകത്ത് 'എന്ന ആത്മകഥയും ഒച്ചപ്പാടുണ്ടാക്കി. ദളിത്പാന്തര്‍ പ്രസ്ഥാനത്തിന് സൈദ്ധാന്തികവും ആശയപരവുമായ പിന്തുണ നല്‍കി. ദളിത് സാഹിത്യത്തിന് തുടക്കമിട്ടു. ഇംഗ്ലീഷ് ഭാഷയുടെ കടുത്ത വിമര്‍ശകന്‍ കൂടിയായിരുന്നു കേശവ് മെഷ്‌റം. ദളിതന്റെ രോഷവും പകയുമെല്ലാം വിളിച്ചറിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. ബ്രാഹ്മണ ദൈവം ദളിതന്റെ ദൈവമല്ലെന്ന് തുറന്ന് പ്രഖ്യാപനം കൂടിയായിരുന്നു ഈ കവിത.


മറാത്തിയില്‍ നിന്ന് ഈ കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തന ചെയ്തത്: ജയന്ത് കര്‍വ്, സെലീറ്റ് (പാം ഇസ്‌പെല്‍ലാന്‍ഡിനൊപ്പം) എന്നിവരാണ്.

Translated on 24-7-2010