Sunday, January 16, 2011

സൈനികാധികാരത്തിനു കീഴില്‍ ഒരു പക്ഷി

മണിപ്പൂരി കവിത
ഇറോം ചാനു ശര്‍മിള

എന്റെ കാലുകള്‍ വിലങ്ങുകളില്‍ നിന്ന് സ്വതന്ത്രമാക്കൂ
ഇത് മുള്ളുകള്‍കൊണ്ടുണ്ടാക്കിയ തളകള്‍.
ഇടുങ്ങിയ മുറിക്കുള്ളില്‍ എന്നെ അടച്ചിരിക്കുന്നൂ.
എന്റെ കുറ്റം കുടികൊള്ളുന്നത്
ഒരു പക്ഷിയായി ജനിച്ചുവെന്നതിലാണ്.

തടവറയുടെ ഇരൂണ്ട മുറിക്കുള്ളില്‍
പല ശബ്ദങ്ങള്‍ ചുറ്റും പ്രതിധ്വനിക്കുന്നു
അത് കിളിക്കൊഞ്ചലുകളല്ല
അത് അമോദ കിലുങ്ങിച്ചിരികളല്ല
അത് താരാട്ട്പാട്ടുമല്ല

ഒരു കുട്ടിയെ അമ്മയുടെ മാറില്‍നിന്ന് പറിച്ചകറ്റിയിരിക്കുന്നു
അമ്മയുടെ നിലവിളി.
ഒരു സ്ത്രീയെ ഭര്‍ത്താവില്‍ നിന്ന് അകറ്റിയിരിക്കുന്നു
ഒരു വിധവയുടെ മനോവേദന നിറഞ്ഞ വിലാപം.
പട്ടാളക്കാരന്റെ കൈയില്‍ ഒരു കുട്ടിയുടെ കുതിറിച്ചകള്‍.

ഒരു തീകുണ്ഡം കാണാം
വിധിദിനങ്ങള്‍ അതിനെ പിന്തുടരുന്നു
തീകുണ്ഡം ചെറുതാകുന്നു;
ശാസ്ത്രത്തിന്റെ ഉല്‍പന്നത്താല്‍
വാചികമായ അനുഭവങ്ങളാല്‍

സംവേദന അവയവങ്ങുടെ വേലക്കാര്‍
എല്ലാവരും മോഹനിദ്രയിലാണ്
മദലഹരി-ചിന്തയുടെ ശത്രുക്കള്‍
ചിന്തിക്കുക എന്നതിന്റെ വിവേകം ഇല്ലാതാക്കിയിരിക്കുന്നു
ചിന്തിക്കുക എന്നതിന്റെ പരീക്ഷണങ്ങളൊന്നുമില്ല

ഗൂഢസ്മിത മുഖവുമായി
യാത്രികന്‍ മലനിരകള്‍ക്കപ്പുറത്തുനിന്ന് വരുന്നു
ഒന്നും ശേഷിക്കുന്നില്ല, എന്റെ വേദനയല്ലാതെ
കാണുന്ന കണ്ണുകളില്‍ ഒന്നുമില്ല
ശക്തി പ്രകടിപ്പിക്കാനുമാവില്ല

മനുഷ്യ ജീവിതം വിലപ്പെട്ടതാണ്
ജീവിതം അവസാനിക്കുന്നതിന് മുമ്പ്
ഇരുട്ടിലെ വെളിച്ചമാകാന്‍ എന്നെ അനുവദിക്കുക
മകരന്ദങ്ങള്‍ വിതയ്‌ക്കേണ്ടതുണ്ട്
അനശ്വരതയുടെ സത്യം നടേണ്ടതുണ്ട്

കൃത്രിമചിറകുകള്‍ അണിഞ്ഞ്
ഭൂമിയുടെ എല്ലാ കോണുകളിലും എത്തണം
ജീവിതത്തിന്റെയും മരണത്തിന്റെയും രേഖകള്‍ സന്ധിക്കുന്നിടത്ത്
പ്രഭാത ഗീതികള്‍ പാടണം
ലോകത്തിന്റെ സംഘഗാനം അവതരിപ്പിക്കണം

തടവറയുടെ കവാടങ്ങള്‍ വലിച്ചുതുറക്കണം
ഞാന്‍ മറ്റൊരു പാതയിലേക്ക് പോകില്ല
ദയവായി മുള്ളുകളുടെ വിലങ്ങുകള്‍ മാറ്റൂ
ഒരു പക്ഷിയുടെ ജീവിതമായി ജനിച്ചതിന്
എന്നെ അപരാധിയാക്കാതിരിക്കുക!


ഇറോം ചാനു ശര്‍മിള: മണിപ്പൂരിലെ സൈനിക ഭരണാധികാരത്തിനെതിരെയുള്ള സമാധാനപോരാട്ടത്തിന്റെ ധീരോദാത്ത നായിക. കവി. പത്രപ്രവര്‍ത്തക, രാഷ്ട്രീയ പ്രവര്‍ത്തക. 1972 മാര്‍ച്ച് 14 ന് മണിപ്പൂരില്‍ ജനിച്ചു. 2000 നവംബര്‍ മുതല്‍, മണിപ്പൂരില്‍ ഇന്ത്യന്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ചിരിക്കുന്ന സായുധ സേന പ്രത്യേക അധികാര നിയമം (എ.എഫ്.എസ്.പി.എ.) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട നിരാഹാര സമരത്തില്‍.

മണിപ്പൂരില്‍നിന്ന് ഈ കവിത ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത് വൈഡ് ആംഗിള്‍ സോഷ്യല്‍ ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയാണ്.

1 comment:

  1. അണയാത്ത ജ്വാലയാണ് ഇറോം ശര്‍മിള. മൊഴിമാറ്റത്തിലെ ചില തെരഞ്ഞെടുപ്പുകള്‍ മികച്ചത് തന്നെ കവിതകളും അവയുടെ പരിസരങ്ങളും.ബിജുരാജിനു വളരെ നന്ദി.

    ReplyDelete