
ആലിസ് വാക്കര്‍
1.
''നിങ്ങള്‍ ഒരു നീഗ്രോയല്ലേ?''
''അതെ''
''പക്ഷേ അത് ഒരു തരം ഭക്ഷണമാണ്. അല്ലേ?
വെളുത്തമനുഷ്യന്‍
നിങ്ങളെ തിന്നും അല്ലേ?''
''അത് ..''
2
അസാധാരണ കാര്യങ്ങള്‍
നമ്മെ വലയ്ക്കും.
ഒരു ചെറിയ ആഫ്രിക്കന്‍ പെണ്‍കുട്ടി
എന്റെ വെള്ളനിറക്കാരനായ ചങ്ങാതിയെ
കണ്ടപ്പോള്‍ ഓടിയകന്നു.
അവള് കരുതി
ഉച്ചഭക്ഷണത്തിന് അയാള്‍ക്ക്
താന്‍ വേണ്ടി വരുമെന്ന്.
3
മിന്നസോട്ടയില്‍ നിന്നുള്ള
അമേരിക്കക്കാരന്
ഹവാര്‍ഡ് ശൈലിയില്‍
വിപ്ലവത്തെപ്പറ്റി സംസാരിച്ചു.
മൗ മൗ മനുഷ്യര്‍
പുഞ്ചിരിച്ചു
അവരുടെ ചുരുട്ടിയ കൈ
കെനിയയുടെ അല്പം മണ്ണ്
അടക്കിപ്പിടിച്ചിരുന്നു.
മൗ മൗ: കെനിയന്‍ വിമോചനത്തിനുവേണ്ടി പോരാടിയ സായുധ വിപ്ലവകാരികള്‍.
4
മരിച്ച പെണ്‍കുട്ടി
''കേള്‍ക്കൂ'' അവള് കരഞ്ഞു
''എനിക്ക് കുറവുകളുണ്ടാവും
പക്ഷേ നിങ്ങളുടെ സഹോദരിയാണ്
എന്നെ സ്നേഹിക്കൂ''
പക്ഷേ ആള്‍ക്കൂട്ടം അവളെ അടിച്ചു.
തൊഴിച്ചു
അവളുടെ തല മൊട്ടയടിച്ചു
അവസാനം അവള് അറിഞ്ഞു
താന്‍ എത്രമാത്രം തെറ്റായിരുന്നുവെന്ന്
5.
അവര്‍ പറഞ്ഞു:
എന്റെ അച്ഛന് വലിയയാളൊന്നുമായിരുന്നില്ല
ഒരു കര്‍ഷകനായിരുന്നു
ഒരു അടിയാളന്.
ഒരു അടിമയുടെ പേരക്കുട്ടി
അച്ഛന് ഒരു മനുഷ്യനേ ആയിരുന്നില്ല,
അവര്‍ പറഞ്ഞു.
6.
ആര്?
വാഷിച്ചു
കീഴടക്കാത്തവരായി
ആരുണ്ട്?
''ഞാനില്ല'', ജനം പറഞ്ഞു
''ഞാനില്ല'', മരങ്ങള്‍ പറഞ്ഞു
''ഞാനില്ല'', വെള്ളം പറഞ്ഞു
''ഞാനില്ല'', പാറകള്‍ പറഞ്ഞു
''ഞാനില്ല'', വായു പറഞ്ഞു
ചന്ദ്രന്!
ഞങ്ങള്‍ കരുതി
നീയെങ്കിലും സുരക്ഷിതനാണെന്ന്.
വാഷിച്ചു: വെള്ളക്കാരെ ആഫ്രിക്കക്കാര്‍ വിളിക്കുന്നത്
7
പരിചിതമല്ലാത്ത ശബ്ദം
''ചിലപ്പോള്‍ ആന
നമ്മുടെ മേല്‍ക്കൂര തിന്നുന്നതാവും''
പ്രഭാതത്തില്‍
കൂടുതല്‍ നീല വര്‍ണം.
8
കരമോജോംഗുകള്‍
ഒരിക്കലും പരിഷ്കൃതരല്ലാത്തവര്‍
അഭിമാനികളായ ജനത
ഒരു പക്ഷേ
ഇനി അവര്‍
നൂറുപേര് മാത്രമായിരിക്കും.
9
അവന് പറഞ്ഞു: 'നീ സന്തോഷവതിയായിരിക്കണമെന്നാണ് എന്റെ ആഗ്രഹം'
അവന് പറഞ്ഞു: 'അത്രമേല്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു'
പിന്നെ അവന് പോയി
രണ്ടുദിവസം ഞാന്‍ സന്തോഷവതിയായിരുന്നു
രണ്ടുദിവസം അവന് എന്നെ വളരെയേറെ സ്നേഹിച്ചു
അതിനുശേഷം
ഞാന്‍ എന്റേതുമാത്രമായി
10.
''അമേരിക്ക?''
''അതെ''
''പക്ഷേ നിങ്ങള്‍ എന്റെ
അമ്മായിയുടെ അടുത്ത സഹോദരിയെപ്പോലെയുണ്ട്,
ഇന്നയാളെ കല്യാണം കഴിച്ച...''
''അതെ' (ഞാന്‍ പറഞ്ഞു) ''എനിക്കറിയാം''.
11.
ചൂട് അകലാത്ത ചത്തശരീരം
ഒരു വെള്ളകാണ്ടാമൃഗത്തിന്റെ.
അതിന്റെ കൊമ്പുകള്‍ നഷ്ടമായിട്ടുണ്ട്.
ചില ഇന്ത്യന്‍ പെണ്ണുങ്ങള്
അതിനെ തേടിയെത്തിയേക്കും,
ഇന്നു രാത്രി.
മൊഴിമാറ്റം: ബിജുരാജ്
കുറിപ്പ്: 'കളക്റ്റഡ് പോയംസ്' എന്ന കൃതിയില്‍ നിന്നുള്ളതാണ് ഈ കവിതകള്‍.

ആലിസ് വാക്കര്‍: അമേരിക്കയിലെ കറുത്തവര്‍ഗക്കാരിയായ കവി. നോവലിസ്റ്റ്, ചെറുഥകാകൃത്ത്. ആക്റ്റിവിസ്റ്റ്, മനുഷ്യാവകാശ പ്രവര്‍ത്തക, അധ്യാപിക എന്നീ നിലകളിലും പ്രശസ്ത. 1944- ല്‍ ജോര്‍ജിയയില്‍ ജനിച്ചു. 'ദ കളര്‍ പര്‍പ്പിളാ'ണ് ഏറ്റവും ശ്രദ്ധേയമായ കൃതി. ഈ നോവലിന് പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചു. 'എവരിഡെ യൂസ്', 'മെറിഡിയന്', 'യു കാന്ട് കീപ് എ ഗുഡ് വുമണ്‍ ഡൗണ്‍' തുടങ്ങി ഇരുപതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്.
ചെണ്ട മാഗസിന്
ജനുവരി 2011
good transalation,keep it up biju
ReplyDelete