Tuesday, July 13, 2010

മെക്‌സിക്കന്‍ കഥ

ഇതാണ് വിസ്മൃതി


മരിയ അമ്പാരോ എസ്‌കാന്‍ഡന്‍ഒരു ഓട്ടോമൊബൈല്‍ സെമിത്തേരിയില്‍ നിന്ന് നിങ്ങള്‍ക്ക് ഒന്നും വീണ്ടെടുക്കാനാവില്ല; ഒരു തിരുശേഷിപ്പുപോലും. ഞാന്‍ ഒരു കാര്‍, പ്രത്യേകമായ ഒന്ന്, തിരയുകയായിരുന്നു. എനിക്കതിന്റെ രൂപമോ, മോഡലോ, നിര്‍മിച്ച വര്‍ഷമോ, അല്ലെങ്കില്‍ നിറമോ ഒന്നും അറിയുമായിരുന്നില്ല. അത് വാടകയ്‌ക്കെടുത്ത കാറാണ്. ഞങ്ങളുടെ പഴയ പസ്‌കര്‍ തുറന്ന റോഡില്‍ നന്നായി ഓടുമെന്ന് എന്റെ മരിച്ചുപോയ ഭര്‍ത്താവ് ഒസ്‌കാര്‍ കരുതിയില്ല. അതൊരു വിശ്വാസത്തിന്റെ പ്രശ്‌നമാണ്. പക്ഷേ, ആരോട് പറയാനാണ്. ആ പുതിയ, വാടകയ്‌ക്കെടുത്ത കാറിന്റെ ടയര്‍ ഒരു തിരിവില്‍ വച്ച് പൊട്ടുകയോ, അല്ലെങ്കില്‍ ഡാഷ്‌ബോര്‍ഡിലെ മനോഹരങ്ങളായ ചെറു ലൈറ്റുകളിലേക്ക് ഒസ്‌കാറിന്റെ ശ്രദ്ധതിരിഞ്ഞതിനാല്‍ വഴിസൂചികകള്‍ കാണാതെയോ പോകുകയോ ചെയ്തിരിക്കണം. എന്തായാലും പതിനാലുവര്‍ഷം മുമ്പ്, കാബോ സാന്‍ ലുക്കാസിലേക്കുള്ള യാത്രക്കിടെ മലയിടുക്കില്‍ വച്ച് ആ കാര്‍ തലകുത്തി മറിഞ്ഞു വീണു എന്നത് വാസ്തവം. ഞങ്ങളുടെ വിവാഹമോതിരങ്ങള്‍, ഞങ്ങള്‍ വിവാഹിതരായ ബീച്ചില്‍ വച്ചുതന്നെ കടലിലെറിയാന്‍ അദ്ദേഹം ആഗ്രഹിച്ചു.
നിസാരമായ ഒരു കലഹമാണ് എല്ലാറ്റിനും തുടക്കമിട്ടത്. നിസാരങ്ങളായ വഴക്കുകളുടെ ഒരു പരമ്പരയെന്നു പറയുന്നതാവും ശരി. ആറുവര്‍ഷത്തിന്റെ മഹത്വം!. അദ്ദേഹംപറയുമായിരുന്നു 'ഞങ്ങള്‍ വിവാഹിതരായിട്ട്  കുറേയായിരിക്കുന്നു' എന്ന്. മരണം വേര്‍പെടുത്തുന്നതുവരെ ഒന്നിച്ച് താമസിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ ഞങ്ങള്‍ ദൈവത്തോട് കൂടുതലായി  പ്രതിജ്ഞയെടുത്തുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. '' അടുത്ത നിമിഷം എന്തു സംഭവിക്കും എന്നുപോലും അറിയാത്ത വെറും നിസാര മനുഷ്യജീവികളായ നമ്മള്‍ ആരാണ്, ജീവിതം മുഴുവന്‍ നീളുന്ന ഒരു പ്രതിജ്ഞയെടുക്കാന്‍?'', അദ്ദേഹം ചോദിച്ചു. ''നമുക്ക് അനുമാനിക്കാം നമ്മള്‍ എന്നത്തേക്കും ദമ്പതികള്‍ ആയിരിക്കുമെന്ന്. പക്ഷേ നമുക്കത്തരമൊരു പ്രതിജ്ഞയെടുക്കാനാവില്ല''. അദ്ദേഹം പറഞ്ഞതാണ് ശരി. '' എന്തുസംഭവിക്കാം. എല്ലാം കാര്യങ്ങളും വഴിതെറ്റിപ്പോകാം''.
എല്ലാ രാത്രികളിലും ഞാനെന്റെ വിവാഹമോതിരം ഊരി, ആദ്യ തിരുവത്താഴ കൂദാശക്ക് പരഞ്ഞമ്മ നല്‍കിയ ഗുദാലുപ്പ് കന്യകയുടെ ലോക്കറ്റിനൊപ്പം വെള്ളി പാത്രത്തില്‍ ഇട്ടുവയ്ക്കുമായിരുന്നു. അതൊരു ആശ്വാസം പകരുന്ന നിത്യചര്യയായിരുന്നു. പല്ല് തേപ്പ്, മുഖം കഴുകല്‍, കണ്ണിനുതാഴെ ചുളിവുകള്‍ വീഴുന്നത് വൈകിക്കാന്‍ ക്രീമുകള്‍ പുരട്ടല്‍, വസ്ത്രമഴിച്ച് വയ്ക്കല്‍, ലൈറ്റ് അണയ്ക്കുന്നതിനു മുമ്പ് കിടന്ന് അരമണിക്കൂര്‍ പത്രംവായന. എന്നത്തെയും പോലെ, മറ്റേതുരാത്രിയിലേതും പോലെ അന്നും ഒസ്‌കാര്‍ സ്ഥലം വിട്ടു. അന്ന് ഒരു വാഗ്വാദവും നടത്തിയിരുന്നു. ഞങ്ങളുടെ വീടിന്റെ മുന്നില്‍, ചവിട്ടുപടിയില്‍ വയ്ക്കാന്‍ ഞാന്‍ പെപ്പുള്ള ഒരു കളിമണ്‍ കുടം മേടിച്ചിരുന്നു. പതിവുപോലെ, അതൊരു അനാവശ്യ വ്യയമായി അദ്ദേഹം കരുതി. വെള്ളി പാത്രത്തില്‍ നിന്ന് എന്റെ വിവാഹമോതിരമെടുത്ത്, സോപ്പ് വെള്ളം കൊണ്ട് തന്റേത് ഊരി, രണ്ടും മുമ്പ് അവ കൊണ്ടുവന്ന ആഭരണച്ചെപ്പില്‍ ഇട്ടു.
''ഞാനീ വിവാഹമോതിരങ്ങള്‍ കടലിലെറിയാന്‍ പോകുന്നു. കാബോ സാന്‍ ലുക്കാസില്‍''-അദ്ദേഹം പറഞ്ഞു. '' ഈ വിവാഹം വിസ്മൃതിയിലാഴാന്‍ പോകുന്നു''
ഒസ്‌കാര്‍ മരിച്ച ഉടനെ മോതിരങ്ങള്‍ തിരക്കി ഞാന്‍ പോകണമായിരുന്നു. ഇപ്പോള്‍ കുറേയേറെ വൈകിയിരിക്കുന്നു. വഴികള്‍ മങ്ങി. റെന്റ്-എ കാര്‍ നടത്തിപ്പുകാര്‍ രേഖകള്‍ നീണ്ടകാലം സൂക്ഷിക്കുന്ന പതിവില്ല. ഒസ്‌കാര്‍ ഏത് കാറാണ് ഓടിച്ചിരുന്നത് എന്നറിഞ്ഞിരുന്നെങ്കില്‍ തിരച്ചില്‍ എളുപ്പമാകുമായിരുന്നു. പക്ഷേ, ഈ തരം മുടിഞ്ഞ ചിന്തകളില്‍ തുടരാന്‍ എനിക്കു താല്‍പര്യമില്ലായിരുന്നു. എനിക്ക് കാര്‍ കണ്ടുപിടിക്കേണ്ടതുണ്ട്. ഞങ്ങളുടെ മോതിരങ്ങള്‍ ഇപ്പോഴും അതിനകത്തുണ്ടാവും. അവ അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കീശയില്‍ ഉണ്ടായിരുന്നില്ല. സ്യൂട്ട് കേസിലും ഇല്ലായിരുന്നു. സംസ്‌കാരക്രിയയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ നീക്കിയത് ഞാനാണ്. ശരീരത്തിലും വസ്തുവകകളിലും ഞാന്‍ പരതി. മോതിരങ്ങള്‍ അവിടെയൊന്നുമുണ്ടായിരുന്നില്ല. അവ ഇപ്പോഴും കാറില്‍ ഗ്ലൗസ് അറയിലോ, ആസ്‌ട്രേയിലോ, ട്രങ്കിലോ, ഡ്രൈവറുടെ വശത്തുള്ള ചവിട്ടിക്കടിയിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ കാണും. അതിപ്പോഴും ഒരു ശേഷിപ്പാണ്, ഞങ്ങള്‍ ഒന്നിച്ചായിരുന്ന കാലത്തിന്റെ അവശേഷിക്കുന്ന തെളിവാണ്. രണ്ടു സ്വര്‍ണമോതിരങ്ങള്‍, നിസാരം. പക്ഷേ ഇപ്പോഴും ഒന്നു തുടച്ചാല്‍ അകത്തു ഞങ്ങളുടെ പേരുകള്‍ കൊത്തിയിട്ടുണ്ട്. എനിക്കത് വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു. അവ എങ്ങനെയായിരുന്നാലും.
ഞാന്‍ അപകടം നടന്ന സ്ഥലത്തുപോയി. കാര്‍ ഇപ്പോഴും മലയിടുക്കിനിടയിലുണ്ടായിരിക്കണം. അതാണ് അപകടത്തില്‍പെടുന്ന വാഹനങ്ങളുടെ പതിവ് വിധി. എവിടെവച്ചാണോ തകര്‍ന്നത്  അവിടെത്തന്നെ വാഹനങ്ങള്‍ ഉപേക്ഷിക്കപ്പെടും. ഞാനത്തരം കാറുകള്‍ റോഡില്‍ പലയിടത്തും കണ്ടതോര്‍ക്കുന്നു; ചിലത് വയറുപിളര്‍ന്ന്, ചിലത് വശങ്ങള്‍ ചളുങ്ങി, മറ്റ് ചിലതു തുരുമ്പെടുത്ത്. ഓരോ യാത്രികന്റെയും കണ്‍മുന്നില്‍ തകര്‍ന്ന ലോഹങ്ങള്‍ നിര്‍വികാരതയോടെ ഇല്ലാതായിക്കൊണ്ടിരുന്നു. തകര്‍ന്ന ട്രക്കുകള്‍ ഒരു വിലയുമില്ലാത്ത കക്ഷണങ്ങളാക്കി മാറ്റാന്‍ എന്തിന് പണം ചെലവിടണം?
കയറ്റത്തിനു നടുക്കായി ഞാന്‍ വണ്ടി ഒതുക്കി. പതിയെ താഴോട്ടിറങ്ങി; ആഭരണച്ചെപ്പ് ചിലപ്പോള്‍ ജോഷ്വാ മരത്തിന്റെ തണലില്‍ പാതിമണ്ണിലമര്‍ന്ന് കിടപ്പുണ്ടാകണം. ശ്രദ്ധാപൂര്‍വ്വം, അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് ഞാന്‍ താഴേക്ക് ഊര്‍ന്നിറങ്ങി. പിന്‍ഭാഗത്തെ ലൈറ്റിന്റെ ഭാഗമായിരുന്ന ഒരു ചുവന്ന കക്ഷണം ഞാന്‍ എടുത്തു. എന്തോ കൂടുതല്‍ അടിയില്‍ തകര്‍ന്ന് കിടപ്പുണ്ട്; ഒരിക്കല്‍ വിന്‍ഡ്ഷീല്‍ഡിന്റെ ഭാഗമായിരുന്ന നുറുങ്ങിയ ചില്ലുകള്‍. ബജാ മരുഭൂമിയില്‍ സൂര്യനു കീഴില്‍ അവിടെവിടെയായി കാണുന്ന ഉരഗങ്ങള്‍പോലെ വര്‍ണലോഹകക്ഷണങ്ങള്‍ ചിതറിക്കിടന്നു. കാര്‍ വന്നു പതിച്ച സ്ഥലത്തും ഒടുവില്‍ ഞാനെത്തി. സ്‌ക്രൂകളും അവിശിഷ്ടങ്ങളും, അടുത്തെങ്ങും ചെടികള്‍ വളരാന്‍ ധൈര്യപ്പെടാത്തപോലെ എണ്ണകനച്ച പാടുകളും, ചിലപ്പോള്‍ ഫെന്‍ഡറിന്റെ ഭാഗമായിരുന്ന തകരപ്പാട്ടയുടെ  നന്നായി നുറങ്ങിയ ഭാഗങ്ങളും അവിടെ മണ്ണിലുണ്ടായിരുന്നു. പക്ഷേ കാറുണ്ടായിരുന്നില്ല. ഞാന്‍ മുകളിലോട്ട് കയറി മൈല്‍ക്കുറ്റി രണ്ടുവട്ടം നോക്കി. കിലോമീറ്റര്‍ അറുപത്തി ഏഴ്. ഹൈവേ പട്രോള്‍ റിപ്പോര്‍ട്ട് എനിക്ക് കാണാപാഠമാണ്. അതു തന്നെയാണ് അപകടം നടന്ന സ്ഥലം.
''ഫെഡര്‍ ഗവണ്‍മെന്റ് കഴിഞ്ഞവര്‍ഷം അവ പൊക്കിയെടുത്തു' കാറ്റവിനയില്‍ വച്ച് ഞാനറിഞ്ഞു. '' ആ ഉപേക്ഷിക്കപ്പെട്ട കാറുകള്‍ ഒരു മോശം കാര്യമാണ്. അവ അമേരിക്കന്‍ വിനോദസഞ്ചാരികളെ ഭയപ്പെടുത്തുന്നു'. ഞാന്‍ വാശിപിടിച്ചപ്പോള്‍ എന്നെ അവര്‍ ഓട്ടോമൊബൈല്‍ സെമിത്തേരിയിലേക്ക് അയച്ചു.
മുന്നൂറിനും നാനൂറിനും ഇടയില്‍ കാറുകളുടെ അവശിഷ്ടങ്ങള്‍ അവിടെ ഒന്നിച്ചു കൂട്ടിയിരുന്നു; ചിലത് മറ്റുള്ളതിന്റെ മുകളിലായി. ഭൂരിപക്ഷവും വെറുതെ അലക്ഷ്യമായി എറിയപ്പെട്ടവയായിരുന്നു. പൊതു ശവക്കുഴിയിലെ കബന്ധങ്ങള്‍പോലെ, ഹൈവേക്ക് ഓരത്ത് വിജനമായ സ്ഥലത്ത്, വാഹനങ്ങള്‍ തകര്‍ന്ന്, ജീര്‍ണിച്ച്, അവഗണിക്കപ്പെട്ടു കിടന്നു. ഞങ്ങളുടെ മോതിരങ്ങള്‍ അവിടെ എവിടെയോ ഉണ്ട്. ഞാനാകെ ചെയ്യേണ്ടത് അവ കണ്ടുപിടിക്കുക മാത്രം.
ആഭരണചെപ്പ് തിരയാന്‍ ഞാന്‍ എതാണ്ട് മൂന്നാഴ്ചക്കാലം ചിലവിട്ടു. സെമിത്തേരിക്ക് കുറച്ചു കിലോമീറ്റര്‍ അകലെ തെരുവോരത്തുള്ള ഹോട്ടലില്‍ തങ്ങി. എല്ലാ രാത്രികളിലും അതുവഴി പോകുന്ന കാറുകളുടെ മൂളക്കങ്ങള്‍ ഞാന്‍ കേട്ടു. വലിയ റിഗ് എഞ്ചിനുകള്‍ ഇരമ്പുന്നതിന്റെ ശബ്ദം ചിലപ്പോള്‍ ഭൂകമ്പമാണോ എന്ന് തോന്നിപ്പിക്കുംവിധം ജനലുകളില്‍ വന്നു പതിച്ചു. ഉറക്കമില്ലാത്തവയായിരുന്നു എന്റെ രാത്രികള്‍. മോതിരങ്ങള്‍ കാത്തിരിക്കുന്നു. എന്നും അതിരാവിലെ ഞാന്‍ ഹോട്ടല്‍ വിട്ടുപോകും. സന്ധ്യയ്ക്ക് മടങ്ങിച്ചെല്ലും. ഞാനൊരു ചിട്ടയോടെ പ്രവര്‍ത്തിക്കുന്നവളായി. അതുമാത്രമായിരുന്നു രക്ഷ. ഞാന്‍ തെക്കുപടിഞ്ഞാറന്‍ മൂലയില്‍ നിന്ന് വടക്ക്-കിഴക്കിലേക്ക് പണിപ്പെട്ടു നീങ്ങി. തകര്‍ന്ന ചില്ലുകളിലൂടെ, അല്ലെങ്കില്‍ ഒരിക്കല്‍ ഡോറുകളുണ്ടായിരുന്ന ദ്വാരങ്ങളിലൂടെ ഞാന്‍ ഞെരുങ്ങിക്കയറി. ആഭരണച്ചെപ്പ് കാറിന്റെ അകത്ത് എവിടെയെങ്കിലുമുണ്ടോയെന്ന് പരതി. ഗ്ലൗസ് അറകളിലാണ് തുടക്കം. ചിലപ്പോള്‍ മുഴുവന്‍ ഡാഷ്‌ബോര്‍ഡും പൊയ്‌പ്പോയിരുന്നു. മറ്റ് ചിലപ്പോള്‍, ആളുകള്‍ ഇത്തരത്തില്‍ ഒന്ന് ഇല്ലായെന്ന മട്ടില്‍ ഉപേക്ഷിച്ച വസ്തുക്കള്‍ ഞാന്‍ കണ്ടെടുത്തു; കഫെറ്റേറിയ ചീട്ടുകള്‍, പ്രണയക്കുറിപ്പുകള്‍, പലചരക്കു പട്ടികകള്‍, നാണയങ്ങള്‍, ഒരു കെട്ട് ചീട്ട്, തകര്‍ന്ന ഒരു കൂട്ടം സണ്‍ഗ്ലാസുകള്‍. എന്നാല്‍ ഒരൊറ്റ ഗ്ലൗസും അതിലുണ്ടായിരുന്നില്ല. വസ്തുക്കളുടെ യഥാര്‍ത്ഥ ഉപയോഗം നോക്കി കാര്‍ നിര്‍മാതാക്കള്‍ പേരുകള്‍ ശരിക്കും പുതുക്കേണ്ടതുണ്ട്. ഗ്ലൗസ് അറയുടെ പേര് ഉദാഹരണത്തിന് ജംഗ് അറയെന്നു വിളിക്കാം.
ഞാന്‍ നിലത്തെ ചവിട്ടികള്‍ക്കടിയിലും തിരഞ്ഞു. മിക്ക കാറുകള്‍ക്കും നിലംചവിട്ടികള്‍ ഉണ്ടായിരുന്നില്ല. ചട്ടക്കൂട് തകര്‍ന്ന കാറിനുള്ളില്‍ കാട്ടുചെടികള്‍ വളര്‍ന്ന് വളയചക്രങ്ങള്‍- അങ്ങനെ ഒന്ന് എന്നെങ്കിലും ഉണ്ടായിരുന്നെങ്കില്‍-നിന്നയിടത്തുകൂടി  അങ്ങോട്ടുമിങ്ങോട്ടും ചുറ്റിപ്പിണഞ്ഞ് സൂര്യവെളിച്ചം തേടി നീങ്ങി. ചിലതില്‍ കാട്ടുചെടികള്‍ എമര്‍ജന്‍സി ബ്രേക്കിന്റെ അവിടെ കെട്ടുപിണഞ്ഞു കിടന്നു. അത്യന്തികമായ ആടിയന്തരഘട്ടം വന്നപ്പോള്‍, പ്രവര്‍ത്തിക്കാത്ത, അവസരത്തിനൊത്ത് ഉയരാന്‍ കഴിയാതിരുന്ന എമര്‍ജന്‍സി ബ്രേക്കുകള്‍ എത്ര പ്രയോജനരഹിതമായി ഡ്രൈവര്‍ക്ക് തോന്നിയിരിക്കണം. ആ ഡ്രൈവറുടെ അവസാന നിമിഷങ്ങള്‍ ഞാന്‍ സങ്കല്‍പ്പിച്ചു. കാര്‍ റോഡിലൂടെ മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗത്തില്‍  വളഞ്ഞുപുളഞ്ഞു നീങ്ങുന്നു, വിയര്‍ത്തുകൊണ്ട്, പ്രാര്‍ത്ഥിച്ച് അയാള്‍, ആ പാവം ആത്മാവ്, എമര്‍ജന്‍സി ബ്രേക്ക് പിടിച്ചു വലിക്കുന്നു. എന്നാല്‍ അത് അനങ്ങുന്നുപോലുമില്ല. അവിടെയുണ്ടായിരുന്ന മറ്റൊരു കാറിന്റെ ഭാഗങ്ങള്‍ ഒരു പേര് മാറ്റം അര്‍ഹിക്കുന്നുണ്ട്: പാര്‍ക്കിംഗ് ബ്രേക്ക് എന്നതാവും കൃത്യമായി ചേരുക.
ട്രങ്കുകള്‍ തിരയുന്നതായിരുന്നു ഏറ്റവും പാട്. ഒരു കാര്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട് കിടന്നാല്‍, ആക്രിപെറുക്കുന്നവര്‍ ട്രങ്കിന്റെ ഉള്ളിലെന്താണ് എന്നാണ് ആദ്യം നോക്കുക. പക്ഷേ, പല കാറുകളുടെയും ട്രങ്കുകള്‍ തകര്‍ക്കപ്പെട്ടിരുന്നതിനാല്‍, കൃത്യമായ ഉപകരങ്ങള്‍ ഇല്ലാതെ ഒരാള്‍ക്കും തുറക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ഞാന്‍ പട്ടണത്തില്‍ പോയി ഒരു ഈര്‍ച്ചവാളും സ്‌ക്രൂ ഡ്രൈവറും എനിക്കാവശ്യം വരുമെന്ന് തോന്നിയ മറ്റ് ചില ഉപകരണങ്ങളും വാങ്ങിക്കൊണ്ടുവന്നു. ഡോറില്‍  ഞാന്‍ ഈച്ചവാള്‍ വച്ച നിമിഷം പൊടിഞ്ഞുപോകുന്ന വിധത്തില്‍ തുരുമ്പിച്ചതായിരുന്നു ഒരു കാര്‍. അതില്‍ നിന്ന് തുരുമ്പിന്റെ തവിട്ട് നിറമുള്ള പൊടികള്‍ അവിടെയൊക്കെയും കുറച്ചൊക്കെ എന്റെ മുഖത്തുമായി തെറിച്ചു വീണു. മാനസിക ധൈര്യത്തിനായി അടുത്ത ദിവസം രാവിലെ ഹാര്‍ഡ് വെയര്‍ കടയില്‍ ചെന്ന് ഞാന്‍ സുരക്ഷയ്ക്കുള്ള ഉണ്ടകണ്ണടകള്‍ വാങ്ങി.
മിക്ക കാറുകളുടെയും ഉപയോഗമുള്ള ഭാഗങ്ങള്‍ മുമ്പേ തന്നെ ആളുകള്‍ ഊരിമാറ്റിയിട്ടുണ്ട്.  ചിലപ്പോള്‍ തിരിയുന്ന വൈപ്പര്‍, ഡ്രൈവറുടെ വശത്തുള്ള തീര്‍ച്ചയായും തകര്‍ന്ന കണ്ണാടി, നിര്‍മാണ മുദ്രകള്‍ എന്നിവ ഞാന്‍ കണ്ടു. ചല കാറുകളില്‍ അപ്പോഴും ലൈസന്‍സ് പ്ലേറ്റുകള്‍ ഉണ്ടായിരുന്നു. ആര്‍ക്കും ഒന്നിനും വിലയില്ല. ചില കാറുകള്‍ ഏതാണ് അകം ഏതാണ് പുറം എന്നു പറയാന്‍ കഴിയാത്ത വിധത്തില്‍ തകര്‍ന്നിരുന്നു. ഒന്നിന്റെ ദേഹത്ത് നല്ല പരുക്കുണ്ടായിരുന്നു. അത് ഏതാണെന്ന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മറ്റുള്ളവ തിരിച്ചറിയാന്‍ എളുപ്പമായിരുന്നു. ഒരു നീല പ്ലൈമത്തിന്റെ പുറത്ത് ചെറിയ പോറലേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ അതിന്റെ തിളങ്ങുന്ന ലോഹ ഭാഗങ്ങള്‍ ആരോ എടുത്തുകൊണ്ടുപോയിരുന്നു. ഒരു വെള്ള മാലിബിന്റെ ശോഷിച്ചുകൊണ്ടിരുന്ന ആത്മാവ് മൂടിക്ക് കീഴില്‍ ഒരിക്കല്‍ ഉണ്ടായിരുന്ന കരുതുറ്റ വി 8 നുവേണ്ടി കൊതിക്കുന്നുണ്ടായിരുന്നു. നാല് വാതിലുള്ള സെഡാന്‍, ചിലപ്പോള്‍ ഡാറ്റ്‌സണുമാവാം, ഇന്ന്, മറ്റ് അയവങ്ങള്‍ സംഭാവന ചെയ്യാനുള്ള ആരുടെയോ സൗമനസ്യംകാത്ത് പുറംതോടുമാത്രമായി കിടന്നു. വളരെ മുമ്പേ മൃതശരീരമായി വിറങ്ങലിച്ചു കിടന്ന ഒരു ഓപലിന് പുറംഭാഗങ്ങള്‍ എല്ലാം ഉണ്ടായിരുന്നു; മിന്നല്‍ വീശുന്ന അതിന്റെ വേറിട്ട മുദ്ര അതിലപ്പോഴും ഘടിപ്പിക്കപ്പെട്ടിരുന്നു.
തീര്‍ച്ചയായും അതിന്റെ സീറ്റുകള്‍, എഞ്ചിന്‍, സ്റ്റിയറിംഗ് വളയം എല്ലാം പോയിരുന്നു. ഞാന്‍ ആ കാറിലും മോതിരങ്ങളാണ് പ്രത്യേകമായി തിരഞ്ഞത്. നിലത്തെ ചവിട്ടിയിലുള്ള ഇരുണ്ട പാടുകള്‍ എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചു. ഞാന്‍ പ്രതീക്ഷിച്ചപോലെ അത് രക്തക്കറായാവാനിടയില്ല. രക്തത്തിന് ഒരു കുഴപ്പവുമില്ലാതെ, ഈ നിര്‍ദയമായ മരുഭൂ കാലാവസ്ഥയില്‍ നിലനില്‍ക്കാനാവില്ല.
ആദ്യദിവസം ഞാന്‍ മുമ്പ് ചുവന്ന റാംബ്ലര്‍ ആയിരുന്ന, ഒരു തുരുമ്പ് കൂമ്പാരത്തിനു മേല്‍ കയറി. ഏതോ പാട്ടക്കഷണം കൊണ്ട് എന്റെ തുടയില്‍ മൂന്ന് സെന്റീമീറ്റര്‍ ആഴമുള്ള മുറിവുണ്ടാക്കി. അതെന്റെ ജീന്‍സ് തുളച്ച് തൊലിയിലേക്ക് കുത്തിക്കയറുകയായിരുന്നു. പട്ടണത്തിലെ ഫാര്‍മസിസ്റ്റ് ടെറ്റ്‌നസിന്റെ കുത്തിവയ്പും കാശിനല്ലാതെ ചില ഉപദേശ വാക്കുകളും നല്‍കി. '' അത് സ്ത്രീകള്‍ക്ക് പറ്റിയ ഇടമില്ല. വേണ്ട പാര്‍ട്‌സ്‌കള്‍ കിട്ടാന്‍ ശരിയായ ഡീലര്‍മാരെ സമീപിക്കുന്നാതാണ് നിനക്ക് നല്ലത്''. ഞാന്‍ കാര്‍ പാര്‍ട്‌സുകളല്ല തിരയുന്നത് എന്നൊന്നും വിശദീകരിക്കാന്‍ പോയില്ല. ഇനി അതിനാണെങ്കില്‍ തന്നെ അതും ഞാന്‍ കണ്ടെത്താന്‍ പോകുന്നില്ല.
സെമിത്തേരിയുടെ വടക്കുകിഴക്കന്‍ മൂലയില്‍ നിന്നാണ് തുടങ്ങിയിരുന്നതെങ്കില്‍ തിരച്ചില്‍ രണ്ടാഴ്ച മുമ്പ് തീര്‍ന്നേനെ. എട്ടുകാറുകള്‍ക്കപ്പുറമായിരുന്നു അത്. ഒടുവില്‍ ചെല്ലുമ്പോള്‍ അപ്പോഴും തിളങ്ങിക്കൊണ്ട്, തൊട്ടുരുമ്മി മോതിരങ്ങള്‍ ആ ആഭരണപ്പെട്ടിയിലുണ്ടായിരുന്നു. നീല ഗാലക്‌സിയുടെ ഡ്രൈവറുടെ വശത്തെ വാതില്‍ ഞാന്‍ വലിച്ചുതുറന്നപ്പോള്‍ കറുത്ത ചെറിയചെപ്പ് പാഴ്‌ച്ചെടികള്‍ക്കുമേലേക്കു വീണു. കാര്‍ തലകുത്തി മറിഞ്ഞപ്പോഴോ വലിച്ചിഴച്ചുകൊണ്ടുവന്നപ്പോഴോ ആഭരണചെപ്പ് വാതിലിന്റെ വശത്തെ അറയിലോ മറ്റോ ഉറച്ചുപോയതാവണം. ഞാന്‍ തുറന്നപ്പോള്‍  അവിടെ നിന്ന് വിട്ടുപോന്നതാവാം. ചെപ്പ് കയ്യിലെടുത്ത്, ഞാന്‍ കാര്‍ പരിശോധിച്ചു; ശേഷിച്ചിരുന്ന ഓരോ ഇഞ്ചും. ഡ്രൈവറുടെ സീറ്റില്‍ ഇരുണ്ട തവിട്ട് അടയാളമുണ്ടായിരുന്നു. അതായിരിക്കണമെന്നുമില്ല. ഈ ചൂടില്‍ അതാവാന്‍ വഴിയില്ല. ഈ ചൂടില്‍ ഒന്നും അതിജീവിക്കില്ല.
മുഴുവന്‍ സെമിത്തേരിയും നന്നായി കാണാന്‍ ഞാന്‍ ചളുങ്ങിത്തകര്‍ന്ന ഒരു പിക്ക്-അപ്പ് ട്രക്കിന്റെ പിറകുവശത്ത് കയറി. പാട്ടക്കഷണങ്ങളുടെ കൂമ്പാരം, തകര്‍ന്ന ചില്ലുകള്‍. എന്റെ ഉദ്ദ്യേശം മോതിരങ്ങള്‍ കണ്ടെടുത്ത്, അവയെ കാബോ സാന്‍ ലുക്കാസില്‍ കൊണ്ടുചെന്ന് കടലിലെറിയണമെന്നായിരുന്നു. പക്ഷേ, അതൊരു വിസ്മൃതിയാവില്ല. ഇവിടെ, ഇതാണ് വിസ്മൃതി. ഓസ്‌കറിന്റെ അവസാന ആഗ്രഹം പൂര്‍ത്തികരിക്കാന്‍ ഞാന്‍ സന്നദ്ധയായിരുന്നു. അതിനാല്‍ ഞാന്‍ ആ മോതിരങ്ങള്‍ ഗാലക്‌സിലേക്കു തിരികെയിട്ടു.


മൊഴിമാറ്റം: ബിജുരാജ്
മരിയ അമ്പാരോ എസ്‌കാന്‍ഡന്‍

ലാറ്റിന്‍-അമേരിക്കയിലെ എഴുത്തുകാരില്‍ ശ്രദ്ധേയയാണ് മെക്‌സിക്കോക്കാരിയായ മരിയ അമ്പാരോ എസ്‌കാന്‍ഡന്‍. ചുരുങ്ങിയ കാലത്തിനിടയില്‍ നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാ രചയിതാവ് എന്ന നിലകളില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയെടുത്തു. ആദ്യ കൃതി ' എസ്‌പെരാന്‍സാസ് ബോക്‌സ് ഓഫ് സെയിന്റ്‌സ്' എണ്‍പത്തഞ്ചു രാജ്യങ്ങളിലെ ഇരുപതില്‍പ്പരം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 'എസ്‌പെരാന്‍സയുടെ പുണ്യാളന്‍മാര്‍' എന്ന പേരില്‍ ആ നോവല്‍ മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് (വിവ: ബി.മുരളി). പുതിയ നോവല്‍ 'ഗോണ്‍സാലസ് ആന്‍ഡ് ഡോട്ടേഴ്‌സ് ട്രക്കിംഗ് കമ്പനി'യാകട്ടെ ഇതുവരെ 12 ഭാഷകളിലേക്ക് മൊഴിമാറ്റിക്കഴിഞ്ഞു. എണ്‍പതിനായിരത്തിലധികം കോപ്പികള്‍  വിറ്റഴിയുകയും ചെയ്തു. ആദ്യ നോവലിന്റെ ചലച്ചിത്ര ഭാഷ്യം, 'സാന്റ്റിറ്റോസ്' അന്താരാഷ്ട്ര ചലച്ചിത്രോസ്‌വങ്ങളില്‍ തിരകഥയ്ക്കുള്‍പ്പടെ 15 ലധികം അവാര്‍ഡുകളാണ് നേടിയത്.അലജാന്‍ഡറോ സപ്രിംഗല്‍ സംവിധാനം ചെയ്ത സിനിമയ്ക്ക്, നോവലിസ്റ്റിന്റേതു തന്നെയായിരുന്നു തിരക്കഥ.
മരിയയുടെ ആഖ്യാന രീതിയുടെ സവി ശേഷത അവ 'മാജിക്കല്‍ റിയാലിറ്റി'യാണെന്നതാണ്. അത് മാജിക്കല്‍ റിയലിസമല്ല, അതിന്റെ പരിധികള്‍ ഭേദിക്കുന്ന വാസ്തവികതയാണ്. സ്പാനിഷിലും ഇംഗ്ലീഷിലും ഒരേ സമയം എഴുതുന്ന  മരിയ, 1983-ല്‍ ഭര്‍ത്താവും ശില്‍പിയുമായ ബെനിറ്റേ ക്രില്ലിനൊപ്പം അമേരിക്കയിലേക്ക് കുടിയേറി. ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കുമൊപ്പം ഇപ്പോള്‍ ലോസ് ആഞ്ചലസില്‍ താമസിക്കുന്നു.യു.സി.എല്‍.എ. എക്‌സ്റ്റന്‍ഷണനില്‍ (കാലിഫോര്‍ണിയ) സര്‍ഗ്ഗാത്മക രചനയില്‍ പരിശീലനം നല്‍കുന്ന അധ്യാപികയാണ്. ബ്രസീല്‍, മെക്‌സിക്കോ, ബാഴ്‌സലോണ എന്നിവിടങ്ങളില്‍ നടക്കുന്ന രാജ്യാന്തര സിനിമാ-എഴുത്ത് പരിശീലന ശില്‍പശാലകളുടെ ഉപദേശകയുമാണ്.


ഫോട്ടോ ക്യാപ്ഷന്‍:  അമേരിക്കയിലെ ഒരു ഓട്ടോമൊബൈല്‍ സെമിത്തേരി. കഥാകൃത്ത് തന്നെ പകര്‍ത്തിയതാണ് ഈ ദൃശ്യം.

1 comment:

  1. ഈ പരിചയപ്പെടുത്തലിന്..നന്ദി!

    ReplyDelete