Tuesday, July 13, 2010

ജമൈക്കന്‍ കഥ

വൃത്തിയാക്കല്‍ ക്ലാസ്

മിഖായേല്‍ റെക്കോഡ്

ജമൈക്കന്‍ കുടിയേറ്റ മേഖലയിലെ വിരസവും കടുത്തതുമായ പൂര്‍വാഹ്‌നമായിരുന്നു അത്. അവിടെ തെരുവില്‍, തിരക്കു പിടിച്ച സ്ത്രീകളും, അലഞ്ഞു തിരിയുന്നവരും കഞ്ചാവ് പുകച്ചുവിടുന്ന ആണുങ്ങളും ചേര്‍ന്ന് സൃഷ്ടിച്ച അലസതയ്ക്കിടയില്‍ ഉണങ്ങിയ മാവിന്‍ ചുവട്ടില്‍ ഒരു ക്ലാസ് നടക്കുകയായിരുന്നു.
അധ്യാപകനായ ടോണി, തെല്ലും ഭയമില്ലാത്ത ചെറുകായനായ പതിനേഴുകാരനാണ്. കല്ലിലിരുന്ന് തന്റെ വിദ്യാര്‍ത്ഥികളെ സംബോധന ചെയ്യുമ്പോള്‍, എണ്ണമയമുളള മലമാന്‍തോല്‍കൊണ്ട് മൃദുവായി തന്റെ കൈതോക്ക് വൃത്തിയാക്കുകയായിരുന്നു അവന്‍.
ഒമ്പതിനും പതിനാലിനുമിടയില്‍ പ്രായമുളള നാല് ആണ്‍കുട്ടികള്‍ ചേര്‍ന്നതാണ് ക്ലാസ്. നേതാവിനു നേരെ തിളങ്ങുന്ന കണ്ണുകളുമായി, അഴക്കുപുരണ്ട കാര്‍ബോര്‍ഡ് കഷണങ്ങളിലും ചെറിയ കല്ലുകളിലുമായി മുട്ടോളമുളള കാലുറകളും ധരിച്ച് അവര്‍ ഇരുന്നു.
''നിങ്ങള്‍ എപ്പോഴും നിങ്ങളുടെ ഉപകരണം വൃത്തിയായി സൂക്ഷിക്കണം'', ടോണി നിര്‍ദേശം നല്‍കുന്നത് തുടര്‍ന്നു. ''വൃത്തിയുളള തോക്ക് നിങ്ങള്‍ക്ക് ആദരവ് നേടിത്തരും. കഴിഞ്ഞ രാത്രിയില്‍, ദൗത്യത്തിനിടയില്‍ ഞാനൊരു വാടകകാറുകാരന്റെ തലയ്ക്ക് നേരെ ഇതു നീട്ടി. എന്റെ ആയുധത്തിന് വൃത്തിയില്ലായിരുന്നെങ്കില്‍ ഞാന്‍ പ്രൊഫഷണലാണെന്ന് അയാള്‍ കരുതുമായിരുന്നില്ല''.
വിദ്യാര്‍ത്ഥികള്‍ വികൃതസ്മിതങ്ങള്‍ പരസ്പരം പങ്കിട്ടു. അവര്‍ക്കറിയാം ടോണി പ്രൊഫഷണലാണെന്ന്.
''അതുകൊണ്ടാണയാള്‍ ബഹളമൊന്നും കൂട്ടാതെ വണ്ടിയെനിക്ക് കൈമാറിയത്''.
ഒമ്പതുവയസുകാരന്‍ കൈയുയര്‍ത്തി:'' നിങ്ങള്‍ അവനെ കൊന്നോ?''
ഇല്ലെന്നര്‍ത്ഥത്തില്‍ ടോണി തലയാട്ടി. ''വെടിയുണ്ടകള്‍ വിലയേറിയവയാണ്. അതു നമ്മള്‍ വെറുതെ പാഴാക്കരുത്''; അവന്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ അതുകേട്ട് തലകുലുക്കി.
തോക്കിന്‍കുഴലിനു താഴെ മാന്‍തോല്‍കൊണ്ട് തുടച്ചു ടോണി പറഞ്ഞു: ''ഇതിന്റെ സുഷിരം എത്ര ചെറുതാണെന്നു നോക്കൂ. മുഖത്തിനു രണ്ടിഞ്ചു മാറ്റിപ്പിടിച്ചാല്‍ നമ്മുടെ മൂക്കിന്റെ ദ്വാരത്തിനത്രെയേയുളളൂ''.
അവന്‍ ഓര്‍ത്തുചിരിച്ചു. ''വേണമെങ്കില്‍ കടക്കാരനോട് ചോദിക്കൂ. അര്‍ദ്ധരാത്രി കടപൂട്ടുമ്പോഴാണ് ഞാനയാളെ പിടികൂടിയത്. എഞ്ചിന്‍ ഓഫ് ചെയ്യാതെ, ഞാനോടിച്ച വണ്ടിയില്‍ നിന്ന് ചാടിയിറങ്ങിയാണ് അത് ചെയ്തത്''.
പണവും പലചരക്കുകളും മിന്നല്‍ വേഗത്തില്‍ കവര്‍ന്നതിന്റെ വിശദാംശങ്ങള്‍ ടോണി അവര്‍ക്കു നല്‍കി. ''കടയില്‍ നിന്നു മടങ്ങുമ്പോഴും എന്റെ തോക്ക് അയാളെ ഉന്നം വച്ചിരുന്നു. അയാള്‍ തോക്കിലേക്ക് മാത്രമാണ് നോക്കിയത്. എനിക്കുറപ്പുണ്ട്, അയാളെന്റെ മുഖം കണ്ടിട്ടേയില്ലെന്ന്''.
തോക്കിന്‍പാത്തി പോളിഷ് ചെയ്യുന്നതിനിടയില്‍ ടോണി വിശദീകരണം തുടര്‍ന്നു.'' ഈ ആയുധമാണ് നിങ്ങളുടെ ഉപകരണം. നമ്മളതിനെ നന്നായി ശ്രദ്ധിക്കണം. നിന്റെ അച്ഛന്‍ ചെയ്യുന്നതുപോലെ. അവന്‍ ഒമ്പതുകാരനോട് പറഞ്ഞു.''ഇതിന് സാക്‌സോഫോണിന്റെ തിളക്കം നല്‍കണം; നിന്റെ അച്ഛന്‍ ചെയ്യാറുളളതുപോലെ''. അവന്റെ തലചലനം പന്ത്രണ്ടുകാരനു നേര്‍ക്കായിരുന്നു. ''ഇത് എണ്ണയിടണം. നമ്മുടെ ജോലിക്ക് ശേഷവും വൃത്തിയായിതന്നെയിരിക്കണം''.
(അവരുടെ അച്ഛന്‍മാരെപ്പറ്റി ടോണിക്ക് വ്യക്തതയില്ലായിരുന്നു. മാത്രമല്ല അവരുടെ അമ്മമാര്‍-വസ്ത്രങ്ങളുണ്ടാക്കുന്നവര്‍. അല്ലെങ്കില്‍ ചന്തയില്‍ വിലപേശി വില്‍ക്കുന്നവര്‍- തങ്ങളുടെ വ്യാപാര ഉപകരണങ്ങള്‍ എങ്ങനെ പരിപാലിക്കുവെന്നും. മറ്റ് കുട്ടികളെ താരതമ്യപ്പെടുത്തലില്‍ ഉള്‍പ്പെടുത്താനും ടോണിക്കാകുമായിരുന്നില്ല. അവിടെയുളള കുട്ടികളുടെ മാനസിക പിരിമുറുക്കം അയഞ്ഞതായി ടോണിക്ക് തോന്നിയില്ല. അവര്‍ക്ക് അതിനെന്തുവേണമെന്ന് അവനറിയാം)
''ഈ ഉപകരണമാണ് പ്രാതല്‍ നമുക്ക് മേശപ്പുറത്തെത്തിക്കുന്നത്''; അവന്‍ വെളിപ്പെടുത്തി. ഞാന്‍ മമ്മയ്ക്കു നല്‍കുന്ന പണം കൊണ്ടുവേണം ഷെല്ലിയേയും മാര്‍വിനെയും ഈ മാസം സ്‌കൂളില്‍ വിടാന്‍''.
പതിനാലുകാരന്‍ ചോദിച്ചു: ''ടോണി നിങ്ങള്‍ക്കെവിടെ നിന്നാണ് ഈ ആയുധം കിട്ടിയത്?''
''ന്യൂയോര്‍ക്കില്‍ നിന്ന് എന്റെ അച്ഛന്‍ അയച്ചു തന്നു. കസ്റ്റംസ് വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നതിനു മുമ്പ്''.
അപ്പോഴാദ്യമായി പത്തുവയസുകാരന്‍ ആരാഞ്ഞു:'' ടോണി, കഴിഞ്ഞ രാത്രി നിങ്ങളിതില്‍ നിന്ന് വെടിയുതിര്‍ത്തിരുന്നുവോ?''.
ആയുധം വൃത്തിയാക്കുന്നതിനു മുമ്പുളള തീഷ്ണ ഗന്ധം ഓര്‍മിച്ച് കുട്ടികള്‍ പ്രതീക്ഷയോടെ കാത്തു. ടോണി തലയനക്കി. അവന്റെ ഹൃദയം തുടിച്ചുയര്‍ന്നു. അവസാനം അടുത്തുവരികയാണ്.
കിങ്‌സ്റ്റണിലേക്ക് മടങ്ങുന്നതിനിടയില്‍ പോലിസ്് പിന്തുടരകന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചുവന്ന ലൈറ്റ് മിന്നിച്ചു. വിളക്കുകാലില്‍ കാര്‍ തെന്നിച്ച് ഇടിച്ചു നിര്‍ത്തി. ബാബിലോണ്‍ നടപ്പാതയില്‍ പോലീസ് കാര്‍ നിര്‍ത്തി.
'' നിന്റെ രേഖകള്‍ കാണിക്ക്'', പോലീസ് പറഞ്ഞു. ''പുറത്തിറങ്ങ്, പരിശോധിക്കട്ടെ''.
''ശരി ഓഫീസര്‍'', ഞാന്‍ പറഞ്ഞു. കാറില്‍ നിന്ന് പുറത്തിറങ്ങി. ഞാന്‍ ജയിലില്‍ പോയാല്‍ മമ്മയെന്തുചെയ്യുമെന്നാണ് ഞാനപ്പോള്‍ ചിന്തിച്ചത്. അവനടുത്തുവന്നപ്പോള്‍ ഞാന്‍ കാഞ്ചിവലിച്ചു.
കുട്ടികള്‍ അവിശ്വാസത്താല്‍ വീര്‍പ്പുമുട്ടി. അതു തന്നെയാണോ സംഭവിച്ചത്.
ടോണി തോക്കുയര്‍ത്തി. '' അവന്റെ നെഞ്ചിനു നേരെ ഒറ്റവെടി''. ടോണിയുടെ കൈകള്‍ ചെറുതായി ഇളകി.
ഒമ്പതുകാരന്‍ അടക്കിയ ചിരിയോടെ ചോദിച്ചു: '' അവന്‍ ചത്തോ?''
ടോണി അനിഷ്ടത്തോടെ തോള്‍ വെട്ടിച്ചു. പതിനാലുകാരന്‍ ഒമ്പതുകാരനു മറുപടി പറഞ്ഞു. '' അത് നെഞ്ചിലേക്കുളള വെടിയല്ലേ. നീ പിന്നെയെന്താ കരുതിയത്?''
ടോണി ഗൗരവത്തില്‍ സംസാരിച്ചു. '' വൃത്തിയില്ലാത്ത തോക്കില്‍ നിന്നുളള ഉണ്ട ലക്ഷ്യം തെറ്റിയേക്കാം. ചിലപ്പോള്‍ അവനെന്നെ കൊന്നേനെ''
''ടോണി''-പതിനാലുകാരന്‍ വിളിച്ചു.
''എന്താ?''
''അടുത്തതവണ നിന്റെ പരിപാടിയില്‍ എന്നെയും കൂട്ടാമോ?''
'സുഡ്‌സ്, നിനക്ക് അതിനു തോക്കുവേണം'.
പയ്യന്‍ തലയനക്കി.
''ചിലപ്പോള്‍ എനിക്ക് നിന്നെ സഹായിക്കാനാവും''.
സുഡ്‌സിന്റെ കണ്ണില്‍ പ്രതീക്ഷ തിളങ്ങി. ''നിന്റെ കൈയില്‍ വേറെ തോക്കുണ്ടോ?''.
ടോണി അവന്റെ തലയില്‍ പിടിച്ച് തന്റെ വാതിലിനു നേര്‍ക്ക് ഉന്തിവിട്ടു: ''അകത്ത്''.
സുഡ്‌സിന് വികാരത്താല്‍ തൊണ്ടയടഞ്ഞു. അവ്യക്തമായാണ് വാക്കുകള്‍ പുറത്തുവന്നത്. ''എവിടെ?...എപ്പോള്‍?''
''ഇതാ പോലീസുകാരന്റെ തോക്കാണ്'', ടോണി പറഞ്ഞു. ''നീ കരുതിയോ ഞാനത് ഉപേക്ഷിക്കുമെന്ന്. അവന്റെ പണി തീര്‍ന്നപ്പോള്‍ ഞാനത് ഇങ്ങോട്ട് കൊണ്ടുവന്നു. നിനക്ക് വൃത്തിയാക്കാന്‍''.വിവ: ബിജുരാജ്
----------

ജമൈക്കന്‍ എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമാണ് മിഖായേല്‍ റെക്കോഡ്. സാമ്രാജ്യത്വ അധിനിവേശവും ദാരിദ്ര്യവും പട്ടിണിയും ക്രിമിനല്‍വല്‍ക്കരിച്ച ആഫ്രിക്കയു,െ അതിനേക്കാള്‍ ഉപരി ജമൈക്കയുടെ സമകാലിക അവസ്ഥയാണ് ഈ കഥ. തോക്കു സംസ്‌കാരം ഭീതിദമായ വിധത്തില്‍ തന്റെ നാടിനെ വിഴുങ്ങിയിരിക്കുന്നുവെന്ന് മിഖായേല്‍ റെക്കോഡ് പറയുന്നു. കോമണ്‍വെല്‍ത്ത് ചെറുകഥാ മത്സരത്തില്‍ ഈ കഥ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.

1 comment:

  1. ഈ പരിചയപ്പെടുത്തലിന്..നന്ദി!

    ReplyDelete