
തിബത്തന്‍ കവിതകള്‍
വഞ്ചനഎന്റെ അച്ഛന് മരിച്ചു
ഞങ്ങളുടെ വീടിനെ,
ഞങ്ങളുടെ ഗ്രാമത്തെ,
ഞങ്ങളുടെ രാജ്യത്തെ
പ്രതിരോധിച്ചുകൊണ്ട്.
എനിക്കും പോരാടണമെന്നുണ്ടായിരുന്നു
പക്ഷേ ഞങ്ങള്‍ ബുദ്ധമതക്കാരാണ്
ആള്ക്കാര് പറയുന്നു, ഞങ്ങള്‍
സമാധാനവും അക്രമരാഹിത്യവും
പുലര്‍ത്തണമെന്ന്
അതിനാല്‍ ഞാന്‍ എന്റെ ശത്രുവിനോട് ക്ഷമിച്ചു
എന്നാല്‍, ഇടയ്ക്കൊക്കെ എനിക്കു തോന്നാറുണ്ട്
ഞാന്‍ എന്റെ അച്ഛനെ വഞ്ചിച്ചുവെന്ന്
അഭയാര്ത്ഥിഞാന് ജനിച്ചപ്പോള്‍
അമ്മ പറഞ്ഞു:
നീയൊരു അഭയാര്‍ത്ഥിയാണ്
തെരുവുവക്കിലെ ഞങ്ങളുടെ കൂടാരം
മഞ്ഞില്‍ പുകഞ്ഞു.
നിന്റെ നെറ്റിത്തടത്തില്‍,
പുരികങ്ങള്‍ക്കിടയില്‍
'ആര്' എന്ന അക്ഷരം എഴുന്നുനില്‍ക്കുന്നുവെന്ന്
എന്റെ അധ്യാപിക പറഞ്ഞു.
ഞാന്‍ നെറ്റിത്തടം ചുരണ്ടി, ഉരച്ചു
അനുസരണയില്ലാത്ത ചുവന്നവേദന
ഞാന്‍ അറിഞ്ഞു
എനിക്ക് മൂന്നുനാവുകള്‍
അതില്‍ ഒന്നെന്റെ
അമ്മഭാഷ മൊഴിയും
ഇംഗ്ലീഷിനും ഹിന്ദിക്കുമിടയിലെ
തിബത്തന്‍നാവ്
എന്റെ നെറ്റിത്തടത്തിലെ
'ആര്' എന്ന അക്ഷരത്തെ വായിക്കും
റംഗ്സെന്‍
(സ്വാതന്ത്ര്യം)
എന്നിലെ തിബത്തന്രാജ്യഭ്രഷ്ടിന്റെ മുപ്പത്തിഒമ്പതുവര്‍ഷങ്ങള്‍
എന്നിട്ടും, ഒരൊറ്റരാജ്യവും ഞങ്ങളെ പിന്തുണയ്ക്കുന്നില്ല
ഒരു കൊലയാളിരാജ്യം പോലും!
ഞങ്ങള്‍ ഇവിടെ അഭയാര്‍ത്ഥികള്‍
തോറ്റരാജ്യത്തിന്റെ ജനത
രാജ്യമില്ലാ നാട്ടിന്റെ പൗരര്‍
തിബത്തന്‍കാര്‍: ലോകത്തിന്റെ സഹതാപസതംഭം
ശാന്തഭിക്ഷുക്കള്‍,സൗമ്യ സാമ്പ്രദായിക വിശ്വാസികള്‍
ഒരുലക്ഷവം നിരവധിയായിരവും അസാധാരണര്‍
നേര്‍ത്ത കൂടിച്ചേരലുകള്‍;സ്വാംശീകരണ
സാംസ്കാരികാധിപത്യ വൈവിധ്യങ്ങളുമായി ആഴത്തില്‍ കലര്‍പ്പ്
എല്ലാ പാറാവതിര്‍ത്തികളിലും ഓഫീസുകളിലും
ഞാനൊരു ഇന്തോ-തിബത്തന്‍.
എന്റെ രജിസ്ട്രേഷന് സാക്ഷ്യപത്രം
നമസ്ക്കാരമോതി,
വര്‍ഷംതോറും പുതുക്കും.
ഇന്ത്യയിലെ വിദേശജാതന്‍.
ഞാന്‍ ഇന്ത്യക്കരനാണേറെക്കുറെ
എന്റെയീ ചീനന് തിബത്തന്‍ മുഖത്തിന്റെ കാര്യത്തിലൊഴിച്ച്
''നേപ്പാളി?'',''തായി?'', ''ജാപ്പ്?''
''ചീനക്കാരന്‍?'', ''നാഗന്?'', ''മണിപ്പൂരി?''
ഇല്ല ഒരിക്കലുമീ ചോദ്യം-'' തിബത്തന്‍?''
ഞാനൊരു തിബത്തന്‍കാരനാണ്
എന്നാല്‍ ഞാനവിടെ നിന്നല്ല
അവിടെയായിരുന്നിട്ടുമില്ല ഒരിക്കലും
എന്നാലും ഞാന്‍ സ്വപ്നം കാണുന്നു
അവിടെ മൃതിയടയുന്നത്.
(1999)
ഭീകരവാദിഞാനൊരു ഭീകരനാണ്
ഞാന്‍ കൊല്ലാനിഷ്ടപ്പെടുന്നു
എനിക്ക് കൊമ്പുകളുണ്ട്
രണ്ട് തേറ്റകളും
തുമ്പിവാലും
വീട്ടില്‍ നിന്ന്്് വിരട്ടിയോടിക്കപ്പെട്ടവന്‍
ഭയത്തില്‍ നിന്ന് ഒളിച്ച്.
ജീവിതം സ്വയം രക്ഷിച്ച്
എന്റെ മുഖത്തിനു നേരെ വാതിലുകള്‍ കൊട്ടിയടച്ചു
നീതി തുടര്‍ച്ചായി നിഷേധിക്കപ്പെട്ട്
ക്ഷമ പരീക്ഷിക്കപ്പെട്ട്
ടെലിവിഷനില്‍, നിശബ്ദ
ഭൂരിപക്ഷത്തിനു മുമ്പില്‍ അടിച്ചു തകര്‍ക്കപ്പെട്ട്
ഭിത്തിയിലേക്ക് അമര്‍ത്തപ്പെട്ട്
മരണത്തിന്റെ ആ ഓരത്തുനിന്നു ഞാന്‍
മടങ്ങിവന്നിരിക്കുന്നു
മൂക്കുപൊത്തി
നീ ധൃതിയില്‍ വിഴുങ്ങിയ
അവമാനമാണു ഞാന്‍
നീ ഇരുട്ടില്‍ കുഴിച്ചുമൂടിയ
നാണക്കേടാണു ഞാന്‍
ഞാനൊരു ഭീകരനാണ്
എന്റെ വെടിവച്ചിടുക
ഭീരുത്വവും ഭയവും
താഴ്വരയില്
ഓമനനായ്ക്കുട്ടികളുടെയും
കുറിഞ്ഞി പൂച്ചകളുടെയുമിടയില്‍
ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു
ഞാന്‍ ഒറ്റയാണ്
എനിക്കൊന്നും
നഷ്ടമാവാനില്ല
ഞാനൊരു വെടിയുണ്ടയാണ്
ഞാന്‍ ഒന്നും ചിന്തിക്കുന്നില്ല
തകരത്തോടില്‍ നിന്ന് ആ
കോരിത്തരിപ്പിലേക്ക് ഞാന്‍ കുതിക്കുന്നു
രണ്ടു നിമിഷത്തെ ജീവിതം
മരിച്ചവര്‍ക്കൊപ്പം മരണം
നീ ഉപേക്ഷിച്ചുപോന്ന
ജീവിതമാണു ഞാന്‍
ചക്രവാളംവീട് വിട്ട്
ഈ ചക്രവാളത്തിലേക്ക് നീ വന്നു
ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് നീ തിരിക്കും
അവിടെ നിന്ന് അടുത്തയിടം തേടി
അടുത്തത്തില്‍ നിന്ന് അടുത്തതിലേക്ക്
ചക്രവാളത്തില്‍ നിന്ന് ചക്രവാളം തേടി
ഓരോ ചുവടും ഓരോ ചക്രവാളമാണ്
കാല്‍വയ്പ്പുകള്‍ കണക്കുകൂട്ടുക
അക്കങ്ങള്‍ വിട്ടുപോകുകയും അരുത്.
വെള്ളാരംകല്ലുകള്‍ പെറുക്കിയെടുക്കുക
ദേശങ്ങളിലെ പേരറിയാ വര്‍ണ്ണ ഇലകളും
വളവുകള്‍ അടയാളപ്പെടുത്തണം;
ചുറ്റുവട്ടത്തെ മലഞ്ചരിവുകളും
നിനക്ക് വീട്ടിലേക്ക്
തിരിച്ചെത്താനായി.
സ്വയം അറിയല്ലഡാക്കില് നിന്ന്
തിബറ്റിലേക്ക്
കണ്ണെത്തും ദൂരമേയുളളൂ
അവര്‍ പറഞ്ഞു:
ദുമ്ത്സെയിലെ കറുത്ത
കുന്നിനപ്പുറം തിബത്താണ്
ഞാനെന്റെ രാജ്യം തിബത്ത്
ആദ്യമായി കണ്ടു
തിടുക്കത്തില്‍, ഒളിച്ചുളള യാത്രക്കൊടുവില്‍
മലയ്ക്കു മുകളില്‍ ഞാനെത്തി
ഞാന്‍ മണ്ണിനെ മണത്തു
നിലത്തു വരച്ചു
വരണ്ടകാറ്റിന്റെ ഈണം കേട്ടു
കാട്ടുകൊറ്റിയുടെ കരച്ചിലും
അതിര്‍ത്തി ഞാന്‍ കണ്ടില്ല.
നേര്, ഇവിടുത്തേതില്‍ നിന്ന് അന്യമായി
ഞാനവിടെയൊന്നും കണ്ടില്ല
എനിക്കറിയില്ല
ഞാനവിടെയായിരുന്നോ
അതോ ഇവിടെയായിരുന്നോയെന്ന്
എനിക്കറിയില്ല
ഞാനിവിടെയായിരുന്നോ
അതോ അവിടെയായിരുന്നോയെന്ന്
എല്ലാ ശീതത്തിലും ക്യാംഗുകള്‍
ഇവിടെ വരുമെന്ന് അവര്‍ പറഞ്ഞു
എല്ലാ ഗ്രീഷ്മത്തിലും ക്യാംഗുകള്‍
അവിടേക്കു പോകുമെന്ന് അവര്‍ പറഞ്ഞു.
-----
ക്യാംഗ്: തിബത്തിന്റെയും ലഡാക്കിന്റെയും മലനിരകളിലെ വടക്കന്‍ സമതലമായ ചങ് താങില്‍ കാണപ്പെടുന്ന കാട്ടുകഴുത.
ആശയറ്റകാലംഎന്റെ ദലൈലാമയെ കൊല്ലൂ
എനിക്കിനിയതില്‍ വിശ്വസിക്കാന്‍ വയ്യ
്എന്റെ തല കുഴിച്ചുമൂടൂ
തച്ചുടയ്ക്കൂ
വിവസ്ത്രനാക്കൂ
ചങ്ങലക്കിടൂ
എന്നാല്‍ എന്നെ സ്വതന്ത്രനാക്കരുത്
തടവറയ്ക്കുളളില്‍
ഈ ശരീരം നിങ്ങളുടേതാണ്
പക്ഷേ ശരീരത്തിനുളളില്‍
എന്റെ വിശ്വാസങ്ങള്‍ എന്റേതു മാത്രം
നിങ്ങള്‍ക്ക് ഇനിയും
അതു ചെയ്യണമോ?
എന്നെ കൊല്ലുക, ഇവിടെ വച്ച് നിശബ്ദമായി
ശ്വാസം ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക
പക്ഷെ,
എന്നെ സ്വതന്ത്രനാക്കരുത്.
നിങ്ങള്‍ക്കു വേണമെങ്കില്‍
ഇനിയും ചെയ്യുക
തുടക്കം മുതലേ വീണ്ടും:
അച്ചടക്കം പഠിപ്പിക്കുക
പുനര്‍ വിദ്യാഭ്യാസം ചെയ്യിക്കുക
സൈദ്ധാന്തീകരിക്കുക
നിങ്ങളുടെ കമ്യൂണിസ്റ്റ്
കോപ്രായങ്ങള്‍ കാണിക്കുക
പക്ഷെ എന്നെ സ്വതന്ത്രനാക്കരുത്.
എന്റെ ദലൈലാമയെ കൊല്ലൂ
എനിക്കിനിയതില്‍ വിശ്വസിക്കാന്‍ വയ്യ.
( തിബത്ത് കാണാന്‍ രഹസ്യമായി പോകുയും അവിടെ വച്ച് ചൈനീസ് പിടിയിലായി തടവറയില്‍ പീഡിപ്പിക്കപ്പെട്ടതുമാണ് സ്വയം അറിയല്‍, ആശയറ്റകാലം എന്ന രണ്ടു കവിതകളുടെയും പശ്ചാത്തലം)
അതിര്‍ത്തി കടക്കുമ്പോള്രാത്രികളിലിഴഞ്ഞും പകലൊളിച്ചും
മഞ്ഞുമലകളില്‍ ഇരുപതിരവുകള്‍ പിന്നിട്ട് ഞങ്ങളെത്തി
അതിര്‍ത്തി ഇനിയും ദിനങ്ങള്‍ക്കപ്പുറമാണ്.
ദുര്‍ഘട മലകള്‍ താണ്ടി ഞങ്ങള്‍ വലഞ്ഞിരിക്കുന്നു
തലയ്ക്കു മുകളിലൂടെ ഒരു ബോംബര്‍ വിമാനം പറന്നു
എന്റെ കുട്ടികള്‍ ഭയന്നു നിലവിളിച്ചു
ഞാനവരെ എന്റെ മാറില്‍ ചേര്‍ത്തു മറച്ചു.
തളര്‍ച്ച അവയവങ്ങളെ ചീന്തിയെറിയുകയാണ്
എന്നാല്‍ മനസുമന്ത്രിച്ചു
യാത്രതുടരണം, അല്ലെങ്കില്‍ ഇവിടെ മരിച്ചുവീഴും
മകളെ ഈ തോളിലും മകനെ മറുതോളിലും
ഒരു കുഞ്ഞിനെ പിന്നിലുമേറ്റി
മഞ്ഞുപാടങ്ങളില്‍ ഞങ്ങളെത്തി.
യാത്രികരെ മരണകമ്പളം പുതപ്പിക്കുന്ന
നിരവധി ഭീകരമലകള്‍
മന്ദഗാമികളായി ഞങ്ങള്‍ താണ്ടി
വെളുത്തകൊലക്കളങ്ങളുടെ നടുവില്‍
മരവിച്ച കബന്ധങ്ങളുടെ ഒരു കൂന
കാഴ്ചയില്‍ നടുങ്ങി ക്ഷീണിത ആത്മാവ്.
മഞ്ഞില്‍ ചിതറിത്തെറിച്ച ചോരത്തുളളികള്‍.
പട്ടാളക്കാര്‍ ഈ പാത പിന്നിട്ടിരിക്കണം
ഞങ്ങളുടെ ഭൂമി ചുവന്ന വ്യാളികള്‍ക്കിരയായിരിക്കുന്നു
'യിഷിന്‍ നോര്‍ബു'വിനോട് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.
ഹൃദയത്തില്‍ പ്രതീക്ഷയുമായി
ചുണ്ടുകളില്‍ പ്രാര്‍ത്ഥനയുമായി
വിശപ്പടക്കാന്‍ ഒന്നുമില്ലാതെ.
ദാഹമകറ്റാന്‍ മഞ്ഞ്് കണങ്ങള്‍ മാത്രമായി
ഇരവുകള്‍ പിന്നിട്ട് ഞങ്ങള്‍ ഇഴഞ്ഞു.
ഒരു രാത്രി, ഉരഞ്ഞുപൊട്ടിയ കാലിനെക്കുറിച്ച്
മകളെന്നോട് പരാതി പറഞ്ഞു.
ഇടറി വീണ അവള് മഞ്ഞില്‍ മരവിച്ച കാലില്‍ വീണ്ടുമെഴുന്നേറ്റു.
ആഴത്തില്‍ തൊലിയറ്റ്, പിളര്‍ന്ന് രക്തംവാര്‍ന്ന മുറിവുകളുടെ
വേദനയില്‍ അവള് പുളഞ്ഞു, ഉരുണ്ടു.
അടുത്തപുലരിയില്‍ അവളുടെ കാലുകള്‍ അറ്റുപോയിരുന്നു
മരണം ചുറ്റും പിടിമുറുക്കിയിരിക്കുന്ന
നിസഹായ അമ്മയാണ് ഞാന്‍
'അമലേ എന്റെ സോദരരെ കാത്തുകൊള്ളണം
ഇവിടെയിരുന്നു ഞാനല്പം വിശ്രമിക്കട്ടെ'
അവളുടെ രൂപം മറഞ്ഞുപോകുംവരെ
അവളുടെ വിറയാര്‍ന്ന വിലാപം കാതില്‍ അകലുംവരെ
കണ്ണീരും വേദനയുമായി ഞാന്‍ പിന്തിരിഞ്ഞ് നോക്കി
കാലുകള്‍ എന്നെ മുന്നോട്ട് നയിച്ചു
എങ്കിലും ആത്മാവ് അവളോടൊപ്പമായിരുന്നു.
നീണ്ട പ്രവാസത്തിലും ഞാനവളെ കാണുന്നുണ്ട്
മഞ്ഞില്‍ മരവിച്ച കൈകള്‍ എന്റെ നേര്‍ക്കു വീശികാണിക്കുന്നത്.
കുട്ടത്തില്‍ മുതിര്‍ന്ന കുസൃതിയായിരുന്നു അവള്.
എല്ലാരാത്രിയിലും വിളക്കുകൊളുത്തും ഞാനവള്‍ക്കായി
അവളുടെ സഹോദരന്മാര് പ്രാര്‍ത്ഥനയില്‍
എനിക്കൊപ്പം ചേരുന്നു.
പ്രവാസഗൃഹംഓടിട്ട മേല്‍ക്കൂര തകര്‍ന്നു വീണു തുടങ്ങി
ചുവരുകള്‍ നാലും താഴേക്ക് വീഴുമെന്ന്
ഭീഷണി മുഴക്കി കഴിഞ്ഞു
എന്നാല്‍ വീട്ടിലേക്ക് ഞങ്ങള്‍ക്കു വേഗം മടങ്ങണം.
വീട്ടുമുറ്റത്ത് ഞങ്ങള്‍ പപ്പായ വളര്‍ത്തിയിട്ടുണ്ട്
തോട്ടത്തില്‍ മുളകുചെടികളും
വേലിയായി ചങ്മായും.
വൈക്കോല്‍ മേഞ്ഞ തൊഴുത്തിനു മേല്‍
മത്തനുകള്‍ താഴേക്കുരണ്ടു വീഴും മട്ടില്‍.
പുല്തൊട്ടി വിട്ട് പുറത്ത് പശുക്കുട്ടികള്‍
മേല്‍ക്കൂരയില്‍ പുല്‍ച്ചെടികള്‍.
വള്ളികളില്‍ തൂങ്ങിയാടി ബീന്സുകള്
ജാലകത്തില്‍ മണിപ്ലാന്റ് പടര്‍ന്നിരിക്കുന്നു
ഞങ്ങളുടെ വീടിനും വേരു മുളച്ചിരിക്കുന്നു
വേലിപ്പടര്‍പ്പുകള്‍ കാടായി വളര്‍ന്നുകഴിഞ്ഞു
എനിക്കെങ്ങനെയിനി എന്റെ കുട്ടികളോട് പറയാനാകും
ഞങ്ങള്‍ എവിടെ നിന്നാണ് വന്നതെന്ന്?
ലോസര്‍ ആശംസകള്താഷി ദെലക് !
കടം വാങ്ങിയ പൂന്തോട്ടത്തില്‍
എന്റെ സോദരീ നീ വളര്‍ന്നു, നന്നായി വളര്‍ന്നിരിക്കുന്നു.
ഈ ലോസറില്‍
പ്രഭാത അര്‍ച്ചനകളില്‍ പങ്കുകൊള്ളുമ്പോള്‍
നീ ഒന്നുകൂടി പ്രാര്‍ത്ഥിക്കുക
അടുത്ത ലോസര്‍
ലാസയില്‍ നമുക്കൊരുമിച്ച് ആഘോഷിക്കാനാകണമെന്ന്
നീ നിന്റെ കോണ്‍വന്റ് ക്ലാസുകളിലിരിക്കുമ്പോള്‍
ഒരു പാഠംകൂടി കൂടുതലായി പഠിക്കുക
തിബറ്റില്‍ തിരിച്ചെത്തുമ്പോള്‍ കുട്ടികളെ പഠിപ്പിക്കാനായി.
കഴിഞ്ഞ ലോസറില്‍,
നമ്മുടെ സന്തോഷ ലോസറില്‍
പ്രാതലില്‍ ഇഡലി-സാമ്പാര്‍ കഴിച്ച്
ഞാനെന്റെ അവസാനവര്‍ഷ ബി.എ.പരീക്ഷയെഴുതി.
എന്റെ മുളളുകളുളള ഫോര്‍ക്കില്‍
ഇഡലികള്‍ നേരെ നിന്നില്ലെങ്കിലും
ഞാനെന്റെ പരീക്ഷ നന്നായി എഴുതി.
കടം വാങ്ങിയ പൂന്തോട്ടത്തില്‍
എന്റെ സോദരീ നീ വളര്‍ന്നു, നന്നായി വളര്‍ന്നിരിക്കുന്നു.
നീ നിന്റെ വേരുകളെ
ചുടുകട്ടകള്‍ക്കും കല്ലുകള്‍ക്കും
തറയോടുകള്‍ക്കും മണ്ണിനും ഇടയിലിലേക്ക് അയക്കുക
ശിഖരങ്ങളെ വിശലമായി പടര്‍ത്തുക
വളരുക,
സീമകളില്ലാത്ത ഉയരങ്ങളിലേക്ക്.

From the book 'Kora', Tenzin Tsundue
Malayalam translation: Bijuraj
Publisher: Fabian Books, Mavelikkara, Kerala