Friday, July 23, 2010

രണ്ട് നക്‌സലൈറ്റ് കവിതകള്‍

1

നിശബ്ദത പാലിക്കൂ!
ഇവിടെ എന്റെ സഹോദരന്‍ ഉറങ്ങുകയാണ്.
അവനരികില്‍
വിളറിയ മുഖവും ദു:ഖംനിറഞ്ഞ
ഹൃദയവുമായി നില്‍ക്കരുത്
അവനത് കണ്ട് ചിരിക്കും!
അവന്റെ ശരീരം പൂക്കള്‍കൊണ്ട് മൂടരുത്
ഒരു പൂവിലേക്ക് കുറേ പൂക്കള്‍ ചൊരിയുന്നത് എന്തിനാണ്?
നിനക്ക് കഴിയുമെങ്കില്‍
അവനെ നിന്റെ ഹൃദയത്തില്‍
അടക്കൂ.
അപ്പോള്‍ നിനക്ക്
ഹൃദയപക്ഷിയുടെ ചിറകടിയൊച്ചകേള്‍ക്കാം;
ഉറങ്ങുന്ന ആത്മാവ് ഉണരുന്നത് അറിയാം.
നിനക്കാവുമെങ്കില്‍,
അല്‍പം കണ്ണീര് ചൊരിയൂ,
പിന്നെ
നിന്റെ ശരീരത്തിലെ മുഴുവന്‍ രക്തവും.


1975 മെയ് 3 ന് പശ്ചിത ബംഗാളിലെ ഹൗറ ജയിലില്‍ അഞ്ചു നക്‌സലൈറ്റു തടവുകാരെ പോലീസുകാര്‍ കൊലപ്പെടുത്തി. അതില്‍ 'പക്ഷി' എന്ന് വിളിക്കപ്പെട്ടിരുന്ന 22 വയസുകാരനായ വിദ്യാര്‍ത്ഥി പ്രബീര്‍ റോയി ചൗധരിയും ഉണ്ടായിരുന്നു. രക്തസാക്ഷിത്വത്തെപ്പറ്റിയുള്ള വാര്‍ത്ത കല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലില്‍ എത്തിയപ്പോള്‍ രാഷ്ട്രീയത്തടവുകാരായ നക്‌സലൈറ്റ് സഖാക്കള്‍ തടവറ ഭിത്തയില്‍ കല്ല് കൊണ്ട് എഴുതിയിട്ടതാണ് ഈ കവിത.

കടപ്പാട്: സുദീപ് ചക്രവര്‍ത്തി രചിച്ച 'റെഡ് സണ്‍' എന്ന കൃതിക്ക്



2

സ്‌നേഹിക്കുമ്പോള്‍,
ചന്ദ്രനാവരുത്
നിനക്കാവുമെങ്കില്‍
സൂര്യനായി കടന്നുവരിക.
ഞാനതിന്റെ ചുട് ആവാഹിക്കും
ഇരുണ്ട വനങ്ങള്‍ക്ക് തീ കൊളുത്തും

സ്‌നേഹിക്കുമ്പോള്‍
ഒരു പൂവാവരുത്
നിനക്കാവുമെങ്കില്‍
ഇടിമുഴക്കമായി കടന്നുവരിക
ഞാനതിന്റെ മുഴങ്ങള്‍ ആവാഹിക്കും
എല്ലാ കോണുകളിലും യുദ്ധത്തിന്റെ
സന്ദേശം കൈമാറും

ചന്ദ്രനെ, പുഴയെ, പൂക്കളെ, താരങ്ങളെ, പറവകളെ
വെറുതെയിരിക്കുമ്പോള്‍
കണ്ടുകൊള്ളാം;
പിന്നീടെപ്പോഴെങ്കിലും.
പക്ഷേ ഇന്ന്
ഈ ഇരുളില്‍
അവസാനയുദ്ധം നടത്തേണ്ടതുണ്ട്.
ഞങ്ങള്‍ക്കിപ്പോള്‍ വേണ്ടത്
ഞങ്ങളുടെ കുടിലില്‍ തീയാണ്.


കടപ്പാട്: റെഡ് സണ്‍/സുദീപ് ചക്രവര്‍ത്തി

മുരാരി മുഖോപാദ്ധ്യയയാണ് ഈ കവിത എഴുതിയത്. നക്‌സലൈറ്റ് പ്രസ്ഥാനത്തെപ്പറ്റി ധാരാളമെഴുതിയിട്ടുള്ള സുമന്താ ബാനര്‍ജിയുടെ 'പൂക്കളില്‍ മൂടിയ പീരങ്കികള്‍' എന്ന ലേഖനത്തില്‍ ഈ കവിത എടുത്ത് ചേര്‍ത്തു. 'ട്രൂത്ത് ലൈയിസ്' എന്ന പേരില്‍ അശോക് മിത്ര എഡിറ്റ് പുസ്തകത്തില്‍ പിന്നീട് സുമന്താ ബാനര്‍ജിയുടെ ലേഖനവും ഉള്‍പ്പെട്ടിരുന്നു.

2 comments:

  1. ശക്തിയുള്ള കവിത. ഒരു കാലത്ത്‌ നമ്മള്‍ ഇങ്ങനെയുള്ള ധാരാളം കവിതകള്‍ കേട്ടിരുന്നു. പക്ഷെ, ഇപ്പോള്‍... അന്നത്തെ നക്സലൈറ്റുകള്‍ ഇന്നില്ല. ഇങ്ങനെയുള്ള കവിതകളും.

    ReplyDelete