
ഇറാനിയന്‍ കവിത
ഷോലെ വോള്‍പി
ചുവന്ന മസ്ദയില്‍, കാനഡയിലേക്കുളള യാത്രയിലാണ് എന്റെ സഹോദരനും അവന്റെ കൂട്ടുകാരനും; ഡോക്ടറേറ്റ്ബിരുദങ്ങളുണ്ടെങ്കിലും തെല്ലും ബോധമില്ലാത്തവര്.
അതിര്‍ത്തിയില്‍ കാര്‍ തടയപ്പെട്ടു. മുന്നിലേക്ക് കുനിഞ്ഞ് പാറാവുകാരന് ചോദിച്ചു: 'നിങ്ങളെങ്ങോട്ടാണ് കുട്ടികളേ'? കണ്ണിന് തൊട്ടുമുമ്പിലുള്ള 'കാനഡിലേക്ക് സ്വാഗതം' എന്ന ചുവര്‍വാക്യം കാണാതെ സഹോദരന് പറഞ്ഞു: 'മെക്സിക്കോ'. പാറാവുകാരന് കണ്ണുമിഴിച്ചു; പിന്നോട്ട് ചുവടുവച്ചു; പിന്നെ മുന്നോട്ട് വന്ന് ചോദിച്ചു: 'സാര്‍, ഇത് കനേഡിയന്‍ അതിര്‍ത്തിയാണ്'. എന്റെ സഹോദരന് കൂട്ടുകാരനു നേരെ തിരിഞ്ഞ് അവന്റെ കൈയിലെ ഭൂപടം തട്ടിപ്പറിച്ചു. അവന്റെ ക്ഷൗരം ചെയ്ത തലയില്‍ കൊട്ടിപ്പറഞ്ഞു: 'പമ്പര വിഡ്ഢി, നീ തലകുത്തനെയാണ് ഭൂപടം പിടിച്ചത്'.
ചോദ്യംചെയ്യല്‍ മുറിയില്‍ നിറയെ ഇരുമ്പുമേശകള്‍, ചക്രക്കസേരകളുടെ കലമ്പല്‍, തിളങ്ങി പ്രകാശിച്ച ബള്‍ബുകളുടെ മൂളക്കം, ചോദ്യങ്ങളുടെ ബോംബ് വര്‍ഷങ്ങള്‍, അവസാനം: 'നിന്റെ വര്‍ണ്ണം'?
പതറിപ്പോയ സഹോദരന് തുറന്നു പറഞ്ഞു: 'സത്യത്തില്‍ എനിക്ക് അറിയില്ല, എന്റെ അച്ഛനുമമ്മയും ഒരിക്കലും അത്പറഞ്ഞിട്ടില്ല'. മേശക്കു പിന്നില്‍ നിന്ന സ്ത്രീയുടെ നീല കണ്ണുകള്‍ വിടര്‍ന്നു; എന്റെ സഹോദരന്റെ ഒലിവുനിറമാര്‍ന്ന തൊലിയും തവിട്ടു കണ്ണുകളും, പിംഗല മൃദുരോമങ്ങളും കാണാനായി. പ്ലാസ്റ്റിക് മറയ്ക്കു പിന്നിലേക്ക് മറഞ്ഞ് അവള് യുദ്ധവും സമാധാനത്തിനുമത്രയും തടിച്ച പൊടിപിടിച്ച പുസ്തകവുമായി മടങ്ങിയെത്തി. 'ഇതു
നിന്റെ വര്‍ണ്ണമെന്തെന്ന് പറയും. എവിടെയാണ് നിന്റെ അച്ഛന് ജനിച്ചത്?' അവള് തന്റെ വട്ട കണ്ണടയില്‍ കൈവച്ച് ആരാഞ്ഞു. പേര്‍ഷ്യയെന്ന് അവന്റെ മറുപടി. 'നീ ഉദ്ദേശിക്കുന്നത് I-ran എന്നല്ലേ?'
'I-ran, you ran, we all ranല്‍ ', അവന് പുഞ്ചിരിച്ചു. 'നിന്റെ അമ്മ എവിടുത്തുകാരി?'; തോക്കുപോലെ തണുത്ത ചോദ്യം. 'റഷ്യ', അവന് ഉത്തരം മൊഴിഞ്ഞു. അവള് പുസ്തകത്തിലെ ഒരു രേഖാചിത്രത്തിലെ വാക്കില്‍ തൊട്ടു. അടുത്ത വിരല്‍ ആ താളിലെ ചുവിട്ടില്‍ മറ്റൊരു വാക്കിലും. കണക്കുകാരന് പൂജ്യത്തെ ഒന്നുകൊണ്ട് ഹരിക്കുന്ന കുഴപ്പപ്രശനം പരിഹരിക്കുന്നതുപോലെ അവയെ ഒരുമിച്ചു ചേര്‍ത്തു. അവളുടെ വിരലുകള്‍ ഒരു വാക്കില്‍ നിലച്ചു. പ്രഖ്യാപനം: 'നീ വെളുത്തനിറക്കാരന്'.
സഹോദരന് സംഭ്രമിച്ച് പിന്നിലോട്ട് മാറി. ഒരു കൈ നെഞ്ചില്‍ ചേര്‍ത്തു, കണ്ണുകള്‍ വിടര്‍ന്നു, വായ വട്ടത്തില്‍ വളച്ചു. 'ഓ ദൈവേ! ഇത്രയും കാലം ഞാനതറിഞ്ഞില്ലല്ലോ'. പിന്നെ മുറിചുറ്റും നോക്കി അവളോടും പാറാവുകാരോടും പറഞ്ഞു: 'ഞാന്‍ വെളുത്തവനാണ്. എനിക്കെവിടെയും പോകാം, എന്തും ചെയ്യാം. മെക്സിക്കോയെന്നു നടിച്ച് കാനഡിയിലേക്കും പോകാം. അവസാനം ഞാനൊരു വെളളക്കാരനായിരിക്കുന്നു, എന്നെ ഇവിടെ പിടിച്ചു നിര്‍ത്താന്‍ നിങ്ങള്‍ക്കിനി ഒരു ന്യായവുമില്ല'.
I-ran, you ran, we all ran
ReplyDeleteമനോഹരം